
അടൂര്‍: പറക്കോട് ഗ്രീന്‍വാലി ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന 110 കെ വി വൈദ്യുതി ലൈനിന്റെ ട്രാന്സ്മിഷന് ടവറില്‍ ആണ് പറക്കോട്, പാലക്കോട് വീട്ടില്‍ രതീഷ് ദിവാകരന് (39) കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
കയ്യില്‍ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാന്സ്മിഷന് ടവറിന്റെ ഏറ്റവും മുകളില്‍ കയറിയ രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടൂര്‍ പോലീസ് ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്സ് സംഘവും ഇയാളെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കയ്യില്‍ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിന്റെ അടുത്തേക്ക് ഫയര്‍ ഫോഴ്സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സുഹ്യത്തായ യുവതിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്ന.നിലപാട് രതീഷ് എടുത്തതോടെ അയാള്‍ പറഞ്ഞ യുവതിയെ പോലീസ് സ്ഥലത്ത് എത്തിച്ചു.
തുടര്‍ന്ന് ഇയാള്‍ അല്പം താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് ഇറങ്ങാനാവാതെ ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ കുടുങ്ങി ഇരിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന് ഓഫിസറുടെ നിര്‍ദേശപ്രകാരം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ മഹേഷ്. ഇ, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സന്തോഷ് എസ് എന്നിവര്‍ ടവറിലെക്ക് കയറുകയും രതീഷിനെ അനുനയിപ്പിച്ചും താങ്ങിയും താഴെ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ ആയിരുന്നു സംഭവം. വെളുപ്പിന് ഒരു മണിയോടെ ഇയാളെ സുരക്ഷിതമായി താഴെ ഇറക്കാന്‍ ഫയര്‍ ഫോഴ്സിന് കഴിഞ്ഞു. ഏനാത്ത് സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഉള്ള ഏനാത്ത്, അടൂര്‍ പോലീസ് ടീമുകളും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള കെ എസ് ഇ ബി ടീമും.സ്ഥലത്ത് ഉണ്ടായിരുന്നു.
രാത്രി പത്ത് മണി മുതല്‍ മൂന്ന് മണിക്കൂറോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഏകദേശം മൂന്ന്.മണിക്കൂറോളം ഫയര്‍ ഫോഴ്സിനെയും പോലീസിനെയും സ്ഥലത്ത് തടിച്ച് കൂടിയ നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി ശേഷം ആണ് ഇയാളെ താഴെ ഇറക്കാന്‍ ആയത്. തുടര്‍ന്ന് ഇയാളെ അടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തില്‍ അടൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ മഹേഷ് ഇ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ എന്‍ രാജേഷ്, എ സജാദ് , വി പ്രദീപ്, ശ്രീജിത്ത് കെ, സാനിഷ് എസ്, സന്തോഷ് എസ്, അജീഷ് എം സി, വേണുഗോപാല്‍, സുരേഷ് കുമാര്‍, മോനച്ചന് എന്നിവര്‍ പങ്കെടുത്തു വൈദ്യുത ലൈനില്‍ കടന്നു കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിന് രതീഷ് ദിവാകരനെതിരെ അടൂര്‍ പോലീസ് കേസുത്തു.