തേനി (തമിഴ്‌നാട്): ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഒരാള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ രണ്ട് വനപാലകര്‍ക്കെതിരെ കേസെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനപാലകര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ഒക്‌ടോബര്‍ 29ന് പുലര്‍ച്ചെ മേഘമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിലായിരുന്നു സംഭവം. കുള്ളപ്പകുണ്ടന്‍ പെട്ടി സ്വദേശി ഈശ്വരന്‍ (52) ആണ് വെടിയേറ്റ് മരിച്ചത്. കേരളത്തിന്റെ പെരിയാര്‍ കടുവ സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന വന മേഖലയാണിത്. രാത്രി പട്രോളിങ്ങിനെത്തിയ വനപാലകരെ വനത്തില്‍ ഒളിച്ചിരുന്ന ഈശ്വരന്‍ ആക്രമിക്കുകയായിരുന്നുവെന്നും സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ത്തപ്പോള്‍ ഈശ്വരന്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് വനപാലകര്‍ തമിഴ്‌നാട്-കുമളി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈശ്വരന്‍ സ്ഥിരം വേട്ട നടത്തിയിരുന്നതായും ഇവര്‍ മൊഴിനല്‍കി.
എന്നാല്‍ മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈശ്വരനെ വെടിവെച്ച് കൊന്നതെന്നും പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്നും കാട്ടി ഈശ്വരന്റെ ബന്ധുക്കള്‍ മധുര ബഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ഇക്കാര്യം അന്വേഷിക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് തേനി ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു പ്രവീണ്‍ ഉമേഷ് ടോംഗരെയും നിലവിലെ എസ് പി ശിവപ്രസാദും കേസ് അന്വേഷിക്കുകയും വനപാലകരായ തിരുമുരുകന്‍, ഫോറസ്റ്റ് ഗാര്‍ഡ് ബെന്നി എന്നിവര്‍ക്കെതിരെ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.