പുഷ്പകൃഷിയുടെ മറവില്‍ വന്‍ തട്ടിപ്പിന് കളമൊരുങ്ങുന്നു: ലക്ഷ്യമിടുന്നത് സ്ത്രീകളെ: സമഗ്ര ഉദ്യാന കൃഷിയിലൂടെ സ്ഥിര വരുമാനമെന്ന വാഗ്ദാനം

0 second read
Comments Off on പുഷ്പകൃഷിയുടെ മറവില്‍ വന്‍ തട്ടിപ്പിന് കളമൊരുങ്ങുന്നു: ലക്ഷ്യമിടുന്നത് സ്ത്രീകളെ: സമഗ്ര ഉദ്യാന കൃഷിയിലൂടെ സ്ഥിര വരുമാനമെന്ന വാഗ്ദാനം
0

കൊച്ചി: പുഷ്പ കൃഷിയുടെ   മറവില്‍ സ്ത്രീകളെ ഇരയാക്കി തട്ടിപ്പ് നടത്താന്‍ നീക്കം. കൊച്ചി കേന്ദ്രീകരിച്ചാണ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍  വന്‍ തട്ടിപ്പിന് കളമൊരുങ്ങുന്നത്. സമഗ്ര ഉദ്യാന കൃഷിയിലൂടെ സ്ഥിര വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനവുമായാണ് സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ജമന്തി, വാടാര്‍ മുല്ല, മേരിഗോള്‍ഡ്, ജറിബ്രാ, ആന്തൂറിയം തുടങ്ങിയ പുഷ്പകൃഷിയില്‍ വനിതകള്‍ക്ക് പങ്കാളികളാകാം. സംഭരണവും വിപണനവും ട്രസ്റ്റ് വഴി നടക്കും. പ്രതിമാസം 20000 രൂപ വരെ സമ്പാദിക്കാനാകുമെന്നാണ് ഇവരുടെ വാഗ്ദാനം. സൗജന്യമായാണ് ഉദ്യാന കൃഷിയെന്ന് ഇവര്‍ പറയുമ്പോഴും ട്രസ്റ്റില്‍ അംഗത്വമെടുക്കണമെന്നാണ് നിബന്ധന.

18 വര്‍ഷം മുമ്പ് കട്ടപ്പന കേന്ദ്രീകരിച്ച് സമാന രീതിയില്‍ കുറ്റിമുല്ല കൃഷിയുടെ പേരില്‍ നൂറ് കണക്കിന് സ്ത്രീകളെ കബളിപ്പിച്ച്  ലക്ഷങ്ങളുമായി മുങ്ങിയിരുന്നു. കട്ടപ്പന ഗവണ്‍മെന്റ് കോളേജിന് സമീപത്ത് ഓഫീസും ഇവര്‍ക്കുണ്ടായിരുന്നു. ഇവിടെയും ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.ഒരു കിലോ മുല്ലപ്പൂവിന് 350 മുതല്‍ അയ്യായിരം രൂപ വരെ വില ലഭിക്കുമെന്നും സൊസൈറ്റി ജാസ്മിന്‍ ഓയില്‍ ഫാക്ടറി ആരംഭിച്ച് പൂക്കള്‍ ശേഖരിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു അന്ന് ആളുകളെ വലയിലാക്കിയത്. പ്രാദേശികമായുള്ള ചിലരെ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചായിരുന്നു ഇരകളെ കണ്ടെത്തിയിരുന്നത്.

കുറ്റിമുല്ല കൃഷിയും സൗജന്യമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ജെ.എല്‍.ജി ഗ്രൂപ്പുകള്‍ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. ഗ്രൂപ്പില്‍ അംഗമാകാന്‍ 1500 രൂപയും പിന്നീട് കൃഷിക്ക് ആവശ്യമായ മുല്ലച്ചെടികള്‍ നല്‍കുന്നതിനായി 15000 രൂപയും ഇവര്‍ ഈടാക്കി. കൃഷിക്ക് എടുക്കുന്ന തുകയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുമെന്നും ഇവര്‍ വിശ്വസിപ്പിച്ചിരുന്നു. തമിഴനാട്ടിലെ രാമേശ്വരത്തു നിന്നും 40 പൈസ നിരക്കില്‍ എത്തിച്ച മുല്ല തണ്ടുകള്‍ മുളപ്പിച്ച് നല്‍കിയായിരുന്നു തട്ടിപ്പ്. 200 മുല്ലച്ചെടികള്‍ ഒരു യൂണിറ്റ് എന്ന കണക്കിലായിരുന്നു 15000 രൂപ വീതം സംഘം വാങ്ങിയത്. ഇത്തരത്തില്‍ അഞ്ചു മുതല്‍ പത്ത് യൂണിറ്റുകള്‍ വരെ കൃഷി ചെയ്തവരുമുണ്ട്.

കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മൂല്ലപ്പൂക്കള്‍ സൊസൈറ്റി നേരിട്ട് സംഭരിച്ച് ആഴ്ചയില്‍ വില നല്കുന്നതിനൊപ്പം ബാങ്ക് വായ്പയും അടയ്ക്കുമെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ മുല്ലപ്പൂവില്‍ നിന്ന് ഓയില്‍ നിര്‍മ്മിക്കുന്ന ഫാക്ടറി തുടങ്ങി അതിലെ ലാഭ വിഹിതം കര്‍ഷകര്‍ക്ക് വീതിച്ച് നല്കുമെന്നുമായിരുന്നു പ്രഖ്യാപനം. പലരും ഈ മോഹന സുന്ദര വാഗ്ദാനത്തില്‍ മയങ്ങിയാണ് ഗ്രൂപ്പില്‍ ചേര്‍ന്നത്. എന്നാല്‍ കൃഷിയിറക്കി മാസങ്ങള്‍ പിന്നിട്ടിട്ടും ഇവര്‍ പറഞ്ഞതു പോലെ ചെടികള്‍ പുഷ്പിച്ചില്ല. ലഭിച്ച പൂക്കള്‍ സംഭരിക്കാനും ആരും എത്താതാകുകയും ചെയ്തതോടെ പണം നഷ്ടപ്പെട്ടവര്‍ കട്ടപ്പനയിലെ ഓഫീസില്‍ എത്തി.

അപ്പോഴാണ് ആഴ്ചകള്‍ക്ക് മുമ്പ് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സംഘം കടന്നു കളഞ്ഞ കാര്യം അറിയുന്നത്. പിന്നീട് തട്ടിപ്പിനിരയായ കര്‍ഷകര്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതൊഴിച്ചാല്‍ തുടര്‍ നടപടികളുമുണ്ടായില്ല.ഇവരുടെ നേതൃത്വത്തില്‍ സമാന രീതിയില്‍ ചേര്‍ത്തല,കോഴിക്കോട്,കൊല്ലം, പത്തനംതിട്ട,കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചും കുറ്റിമുല്ല കൃഷിയുടെ പേരില്‍ നിരവധിപ്പേരില്‍ നിന്നും ലക്ഷങ്ങള്‍ കബളിപ്പിച്ചതായാണ് വിവരം.

വിവധ സ്ഥലങ്ങളില്‍ പല പേരുകളിലാണ് അവതരിക്കുന്നതിനാല്‍ ഇവരെ കുറിച്ച് ഇരകളാക്കപ്പെടുന്നവര്‍ക്ക് വ്യക്തമായ വിവരങ്ങളുമില്ല.ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ തങ്ങളുടെ നാട്ടിലെ പ്രാദേശിക നേതാക്കള്‍ ചമഞ്ഞാണ് ഇവര്‍ എത്തുന്നതെന്നാണ് വിവരം. ഈ പാര്‍ട്ടികളുടെ അവിടുത്തെ നേതാക്കന്മാരെ സ്വാധീനിച്ചാണ് സംഘം മേഖലയില്‍ ചുവടുറപ്പിക്കുന്നത്.നേതാക്കളുടെ സഹായത്താല്‍ സംഘങ്ങള്‍ രൂപീകരിക്കുന്നതും ആളുകളെ വലയിലാക്കുന്നതും.

ഇതെ സംഘം രണ്ട് വര്‍ഷം മുമ്പ് കൊല്ലം ചവറ തെക്കുംഭാഗം കേന്ദ്രീകരിച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് ആട് വിതരണത്തിന്റെ മറവില്‍  തട്ടിപ്പ് നടത്താനുള്ള നീക്കവും നടത്തിയിരുന്നു. ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ഉപ്പുതറ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ചില ആശാപ്രവര്‍ത്തകരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ശ്രമം.എന്നാല്‍ ഇത് തട്ടിപ്പാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്കിയതോടെ ഉള്‍വലിഞ്ഞ സംഘം  ഇടവേളകള്‍ക്ക് ശേഷം വീണ്ടും പുതിയ തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നതെന്നാണ് വിവരം.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…