
പത്തനംതിട്ട: ജനറല്‍ ആശുപത്രി ഭരണം സംബന്ധിച്ച് തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. നഗരസഭയില്‍ നിന്ന് ആശുപത്രി ഭരണച്ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരേ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാര്‍ച്ച് ഏഴിലേക്ക് മാറ്റി. അതുവരെ തല്‍സ്ഥിതി തുടരാനാണ് ഉത്തരവ്.
തല്‍സ്ഥിതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നത്തെ അവസ്ഥയാണെന്നാണ് ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍, ഭരണ കൈമാറ്റം ഇതുവരെ പൂര്‍ണമായിട്ടില്ലെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചുവെന്നും അങ്ങനെയെങ്കില്‍ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചുവെന്നുമാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഭരണ ചുമതല ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാത്ത സ്ഥിതിക്ക് തല്‍സ്ഥിതി എന്നാല്‍ നഗരസഭയ്ക്കാണ് ചുമതല എന്നാണെന്നും ഇവര്‍ പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് ആശു്ര്രപതി സൂപ്രണ്ടിന് കത്തു നല്‍കി. കോടതി വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. കോടതി ഉത്തരവ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് തിരിച്ചടിയാണെന്നാണ് പറയുന്നത്.
മന്ത്രിയും നഗരസഭാ ചെയര്‍മാനുമായുളള ശീതസമരത്തെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയുടെ ഭരണം ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ട് ജനുവരി 30 ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ചട്ടം മറി കടന്നു കൊണ്ടാണ് ആശുപത്രി ഏറ്റെടുക്കുന്നതെന്നും ഈ നടപടി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ഭരണ മാറ്റത്തിനെതിരേ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കാനും തീരുമാനിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി കൂടിയായ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്‌സാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഹര്‍ജി പരിഗണിച്ച കോടതി ആശുപത്രി ഭരണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തോയെന്ന് ആരാഞ്ഞു. ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആശുപത്രി ഏറ്റെടുത്തിട്ടില്ലെന്നും ആലോചന നടക്കുന്നതേയുള്ളൂവെന്നും പറഞ്ഞു. ഫണ്ടൊന്നും തന്നെ മുടക്കിയിട്ടില്ലെന്നും അറിയിച്ചു. ഇതോടെയാണ് തല്‍ക്കാലം തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടത്.
കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി ജെറി അലക്‌സ് ആശുപത്രി സൂപ്രണ്ടിന് കത്തു നല്‍കി. എന്നാല്‍, തല്‍സ്ഥിതി എന്നുദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. അതേ സമയം,ആശുപത്രിയിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
ഹൈക്കോടതിയെ സമീപിച്ചത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനാണെങ്കിലും ഇത് മന്ത്രിയോടുള്ള ചെയര്‍മാന്റെ യുദ്ധപ്രഖ്യാപനമായി വേണം കാണാന്‍. സിപിഎമ്മുകാരനായ ചെയര്‍മാന്‍ സ്വന്തം പാര്‍ട്ടിക്കാരിയായ മന്ത്രിയോട് നേരിട്ട് ഏറ്റുമുട്ടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളാ കോണ്‍ഗ്രസ് എമ്മുകാരനായ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മുഖേനെ കോടതിയെ സമീപിച്ചിരിക്കുന്നത്. വരും ദിനങ്ങളില്‍ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകാനാകും ഇത് ഉപകരിക്കുക.