തിരുനെല്‍വേലി: കൊലപാതകം നടത്തിയതിന് ശേഷം വാഴത്തോട്ടത്തില്‍ ഒളിച്ചിരുന്ന അക്രമി സംഘത്തില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. തെന്തിരുപ്പാവനം സ്വദേശി പേച്ചിത്തുറൈ (23) ആണ് മരിച്ചത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ചന്തുരുവിന് (23) വീണ് പരുക്കേറ്റു. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഏഴിന് വേളാങ്കുഖി സുഡലൈ ക്ഷേത്രത്തിന് സമീപം റോഡ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളുമായി മരിച്ച പാച്ചിത്തുറൈയും ചന്തുരുവും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഒരു തൊഴിലാളിയെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ തൊഴിലാളി തല്‍ക്ഷണം മരിച്ചു. പിന്നീട് ഇതുവഴി വരികയായിരുന്ന സര്‍ക്കാര്‍ ബസ് തടയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് വീരവനല്ലൂര് പൊലീസ് സ്ഥലത്തെത്തി.
പൊലീസിനെ കണ്ടതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഇവരെ പിന്തുടര്ന്നെത്തിയ വീരനല്ലൂര്‍ പൊലീസ് സംഘത്തെ അക്രമിച്ചതിന് ശേഷം ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു. പിന്നീട്, ഇരുവരും അംബാസമുദ്രത്തിന് സമീപമുള്ള വാഴത്തോട്ടത്തില്‍ കയറി ഒളിച്ചിരുന്നു.വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി.പൊലീസ് സംഘം വാഴത്തോട്ടത്തില്‍ പ്രവിശേച്ചതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയും പേച്ചിത്തുറൈ കാലിന് പരുക്കേല്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് തിരുന്നല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേച്ചിത്തുറൈ ഇന്ന് മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളാണെന്നും പേച്ചിത്തുറൈ പത്തു ദിവസം മുമ്പാണ് ജയില്‍ മോചിതനായതെന്നും പൊലീസ് പറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.