തേനി: കൂടല്ലൂരിന് സമീപം തോട്ടം കാവല്‍ക്കാരന്‍ വെടിയേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ വനപാലകരുടെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി ജയിലിലേക്ക് അയച്ചു. കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഫോറസ്റ്റര്‍ തിരുമുരുകനും ഫോറസ്റ്റ് വാച്ചര്‍ ബെന്നി എന്ന ജോര്‍ജുമാണ് കേസിലെ പ്രതികള്‍.
ഒക്ടോബര്‍ 29ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം. കുള്ളപ്പഗൗണ്ടന്‍പ്പെട്ടി ഫോറസ്റ്റ് ഡിവിഷന്‍ മേഖലയില്‍ പട്രോളിങ് നടത്തിയ ഫോസ്റ്റ് ഉദ്യോഗസ്ഥരെ മാരക ആയുധങ്ങളുമായി വനത്തോട് ചേര്‍ന്നുള്ള തോട്ടത്തിലെ കാവല്‍ക്കാരനായിരുന്ന ഈശ്വരന്‍ എന്നയാള്‍ ആക്രമിക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്. ഈശ്വരന്‍ സ്ഥിരം വേട്ടക്കാരനാണെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ വനപാലകര്‍ക്ക് ഈശ്വരനോട് മുന്‍ വിരോധമുണ്ടെന്നും കേസ് പുനഃരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുകള്‍ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചില്‍ ഹര്‍ജി ഫയല്‍ ചെയ്തു. കോടതി നിര്‍ദ്ദേശ പ്രകാരം തേനി ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കാട്ടി കോടതിക്ക് റിപ്പോട്ട് നല്‍കി. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശവും നലകി. ഇതെ തുടര്‍ന്ന് ഫെബ്രുവരി. 28ന് തിരുമുരുകനെയും ബെന്നിയെയും അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.
ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തംപാളയം കോടതിയില്‍ അപേക്ഷ നല്‍കി. മൂന്ന് ദിവസത്തേക്കാണ് കോടതി അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്ന് തിരുമുരുകനെയും ജോര്‍ജിനെയും കസ്റ്റഡിയിലെടുത്ത് കുമളി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി തിരുമുരുകനെ മധുരയിലെയും ജോര്‍ജിനെ ശ്രീ വില്ലിപുത്തൂരത്തിലെയും ജയിലുകളിലേക്ക് മാറ്റി.