ഇടുക്കി: രാത്രികാല പൊലീസ് സ്‌റ്റേഷന്‍ പരിശോധനയുടെ ഭാഗമായി എത്തിയ സബ് ഡിവിഷന്‍ ഓഫീസറെ മദ്യ ലഹരിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ അസഭ്യം പറഞ്ഞ സംഭവം സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും പുറത്തായി. പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പുറത്തു വന്ന റിപ്പോര്‍ട്ടാണ് നാട്ടില്‍ വ്യാപകമായി പ്രചരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ട് ചോര്‍ന്നത് പൊലീസ് സേനയ്ക്കാകെ നാണക്കേടായി മാറി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ഗുരുതര ആരോപണമാണുള്ളത്.
രാത്രി പരിശോധനക്കായി സബ് ഡിവിഷന്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന വണ്ടന്‍മേട് എസ്‌ഐ കമ്പംമെട്ട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ജിഡി ചാര്‍ജുകാരനെയും മറ്റ് ചുമതലക്കാരെയും കൂടാതെ സ്‌റ്റേഷന്റെ മുറ്റത്ത് നിന്നിരുന്ന പൊലീസുകാരനെ കണ്ടു. ചാര്‍ജ് ഓഫീസറായ എസ്.ഐ വീട്ടില്‍ പോകാറായില്ലേയെന്ന് ചോദിച്ചപ്പോള്‍ താന്‍ ഉത്സവ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വന്നതാണെന്നും സൗകര്യമുള്ളപ്പോള്‍ പോകുമെന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് എസ്‌ഐയോട് പരുഷമായി സംസാരിച്ചു. എസ്. ഐ യുടെ ആവശ്യ പ്രകാരം സംഭവം ജിഡിയില്‍ രേഖപ്പെടുത്തുന്നതിനായി പൊലീസുകാര്‍ സ്‌റ്റേഷനുള്ളിലേക്ക് കയറിയ സമയത്ത് ജീപ്പില്‍ കയറി ഇരിക്കുകയായിരുന്ന എസ്.ഐയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും നിന്നെ ന്യൂസിലാന്‍ഡിന് വിടാമോന്ന് ഒന്നു നോക്കേട്ടെടാ എന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ രാത്രികാല പരിശോധനയുടെ ഭാഗമായാണ് സബ് ഡിവിഷന്‍ ഓഫീസറുടെ ചുമതലയുള്ള എസ് ഐ കമ്പംമെട്ട് സ്‌റ്റേഷനില്‍ എത്തിയത്.ഈ സമയം
സ്‌റ്റേഷന്‍ മുറ്റത്ത് കാല് നിലത്തുറപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്ന പൊലീസുകാരനോട് എന്താണ് ഈ അവസ്ഥയില്‍ നില്‍ക്കുന്നത്.വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടതാണ് പൊലീസുകാരനെ ചൊടിപ്പിച്ചത്.ഒരു പ്രകോപനവുമില്ലാതെ മേലുദ്യോഗസ്ഥനെ അസഭ്യം പറയുകയായിരുന്നു. അശ്ലീലം അസഹനീയമായതോടെ പരിശോധന മതിയാക്കി സബ് ഡിവിഷന്‍ ഓഫീസര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് സ്‌റ്റേഷനില്‍ ഈ സമയമുണ്ടായിരുന്നവര്‍ പറയുന്നത്.
ഇവിടുത്തെ വ്യാജ മദ്യ ലോബികളുമായി ചില പൊലീസുകാര്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു. ഇവരുടെ സല്‍ക്കാരം സ്വീകരിച്ചാണ് പലരും രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നതെന്നും ആരോപണമുണ്ട്.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്യ മാഫിയ നല്കിയ മദ്യം കഴിച്ച് ഇവിടുത്തെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരണപ്പെട്ടിരുന്നു. അതെ സമയം മേലുദ്യോഗസ്ഥനെ മറ്റ് കീഴുദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് പരസ്യമായി അസഭ്യം പറഞ്ഞ പൊലിസുകാരനെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നതാണ് കൗതുകകരം.