ആഴമേറിയ കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനിറങ്ങിയ ആള്‍ വായു കിട്ടാതെ കുഴഞ്ഞു വീണു: ഫയര്‍ ഫോഴ്‌സ് രക്ഷപെടുത്തി

2 second read
Comments Off on ആഴമേറിയ കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനിറങ്ങിയ ആള്‍ വായു കിട്ടാതെ കുഴഞ്ഞു വീണു: ഫയര്‍ ഫോഴ്‌സ് രക്ഷപെടുത്തി
0

അടൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ മധ്യവയസ്‌കന്‍ കിണറിനുള്ളില്‍ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണു. ഫയര്‍ ഫോഴ്‌സ് രക്ഷപെടുത്തി.
പഴകുളം കിഴക്ക് സുജാ ഭവനം മോഹനന്‍ (55) ആണ് ശ്വാസം കിട്ടാതെ കിണറ്റില്‍ കുഴഞ്ഞു വീണത്. പെരിങ്ങനാട് ചാല ഷീലാ സദനത്തില്‍ നടരാജന്റെ അന്‍പത് അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.

വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മഹേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി. കിണറ്റില്‍ ശുദ്ധവായു കുറവാണെന്ന് മനസിലാക്കിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സന്തോഷ് ശ്വസനോപകരണത്തിന്റെ സഹായത്തോടെ കിണറ്റില്‍ ഇറങ്ങി മൃതപ്രായനായി കിടന്ന മോഹനനെ നെറ്റ് ഉപയോഗിച്ച് കരയ്‌ക്കെടുത്തു.

നാട്ടുകാരനായ രഞ്ജിത്ത് കിണറ്റില്‍ ഇറങ്ങി മോഹനനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വായു കുറവായതിനാല്‍ കിണറിനുള്ളില്‍ കൂടുതല്‍ നേരം നില്‍ക്കാന്‍ കഴിഞ്ഞില്ല. കിണറ്റിലെ ചെളിയില്‍ താഴ്ന്നു കിടന്ന മോഹനന്റെ തല നിവര്‍ത്തി നിര്‍ത്തിയ ശേഷം രഞ്ജിത്ത് കരയ്ക്ക് കയറുകയായിരുന്നു.  ഫയര്‍ഫോഴ്‌സ് കരയ്‌ക്കെടുക്കുമ്പോള്‍ വായിലും മൂക്കിലും ചെളി കയറി ബോധരഹിതനായ അവസ്ഥയിലായിരുന്നു മോഹനന്‍.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മഹേഷ് വായില്‍ നിന്നും മൂക്കില്‍ നിന്നും ചെളി നീക്കം ചെയ്യുകയും കൃത്രിമ ശ്വാസം ഉള്‍പ്പെടെ പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ഭാഗികമായി ആരോഗ്യ നില വീണ്ടെടുത്ത മോഹനനെ ഫയര്‍ ഫോഴ്‌സ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ ഓഫീസര്‍മാരായ എം.സി.അജീഷ്, എം.ആര്‍.ശരത്, സി. റെജി, എം.ജെ.മോനച്ചന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആയി. മോഹനന് ശ്വസിക്കുന്നതിനായി കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ തുറന്ന് വിട്ടു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…