അടൂര്‍: പതിമൂന്നുകാരനെ ലഹരി മരുന്ന നല്കി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി 73 വര്‍ഷം കഠിന തടവിനും 3.60 ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വര്‍ഷവും ഒമ്പതു മാസവും അധികതടവ് അനുഭവിക്കണം. പറന്തല്‍ കുറവന്‍ ചിറ മറ്റക്കാട്ട് മുരുപ്പേല്‍ യേശു എന്നു വിളിക്കുന്ന വില്‍സനെ(30)യാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷ വിധിച്ചത്.
2019 മുതല്‍ 22 വരെയുള്ള കാലയളവില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പീഡനം തുടങ്ങി. മൈതാനത്തിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് കഞ്ചാവ് വലിപ്പിച്ചും ലഹരി മരുന്ന് കൊടുത്തുമാണ് പീഡനം നടത്തിയത്. സ്കൂളില്‍ ബോധവല്‍ക്കരണം നടത്താന്‍ ചെന്ന എക്സൈസ് പ്രിവന്റീവ് ഓഫീസറോട് കുട്ടി വിവരങ്ങള്‍ പറയുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കൊടുമണ്‍ എസ്.എച്ച്.ഓ വി.എസ്. പ്രവീണ്‍ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിതാ ജോണ്‍ ഹാജരായി. പ്രപതി 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാകും.