പത്തനംതിട്ട: അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കാതെ വന്നപ്പോള്‍ വീട്ടമ്മ അയല്‍വാസിയുടെ കടയുടെ മുന്നില്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കിടങ്ങന്നൂര്‍ വല്ലന രാജവിലാസം വീട്ടില്‍ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി (54)യാണ് അയല്‍വാസിയായ കുഞ്ഞുമോന്റെ ഇടയിലേ വീട്ടില്‍ സ്റ്റോഴ്സ് എന്ന കടയുടെ മുന്നില്‍ എത്തി സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഗുരുതരമായ പൊള്ളലോടെ നാട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ഇവരെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
80 ശതമാനത്തിലധികം പൊള്ളലുള്ളതിനാല്‍ അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രജനിയുടെ ഭര്‍ത്താവ് ത്യാഗരാജന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു പോയിട്ടുള്ളതുമാണ്. മകന് അര്ജുന് ഫൈനല്‍ ഇയര്‍ ബിടെക്കിന് പഠിക്കുകയാണ്. അയല്‍വാസിയായ കുഞ്ഞുമോന്റെ ബന്ധു സജീവ് മൂന്നു ലക്ഷം രൂപയും 30 പവന് സ്വര്‍ണവും വാങ്ങിയത് തിരിച്ചു കൊടുക്കാത്തതില്‍ മനം നൊന്താണ് താനിത് ചെയ്യുന്നത് എന്ന് കത്ത് എഴുതി വച്ചിട്ടാണ് രജനി മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തിയത്. കുപ്പിയില്‍ മണ്ണെണ്ണയുമായി രജനി കടയ്ക്ക് മുന്നില്‍ എത്തുന്നതും തീ കൊളുത്തുന്നതും എതിര്‍വശത്തുള്ള വീടിന്റെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.