ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുദ്രവച്ച കവറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിക്ക് കൈമാറിയ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റ പുറത്തുവിട്ടിരിക്കുന്നത്.
2017-18 സാമ്ബത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 500 ബോണ്ടുകളാണു കിട്ടിയതെന്നും ഇതിലൂടെ 210 കോടി രൂപ ലഭിച്ചെന്നുമാണു കണക്ക്. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്‍പു ബിജെപിക്കു കിട്ടിയത് 1450 കോടിയുടെ ബോണ്ടാണ്. ഇതേ കാലയളവില്‍ കോണ്‍ഗ്രസിനു 383 കോടിയും ലഭിച്ചു. തമിഴ്‌നാട്ടിലെ ഡിഎംകെയ്ക്ക് 509 കോടിയാണു ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (പഴയ തെലങ്കാന രാഷ്ട്ര സമിതി) 230.65 കോടിയും ബോണ്ടിലൂടെ ലഭിച്ചു.
2019 ഏപ്രില്‍ 12ന് മുന്‍പുള്ള വിവരങ്ങളാണിവ എന്നാണ് സൂചന. ഈ തീയതിക്ക് ശേഷമുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്ര ബോണ്ടുകളാണ് ലഭിച്ചത് എന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്ന രേഖകളിലുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് ഡാറ്റകള്‍ സുപ്രീം കോടതി രജിസ്ട്രി ശനിയാഴ്ച തിരികെ നല്‍കിയിരുന്നു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരികെ നല്‍കിയത്. 2019ലെയും 2023ലെയും രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന തരത്തില്‍ മടക്കി നല്‍കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ സുപ്രീംകോടതി രജിസ്ട്രി മുദ്രവച്ച കവറില്‍ തിരികെ നല്‍കിയിരുന്നു. കൂടാതെ, പെന്‍ െ്രെഡവില്‍ ഒരു ഡിജിറ്റല്‍ പകര്‍പ്പും കൈമാറിയിരുന്നു. ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്നുള്ള ഡാറ്റയാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.
മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പ് ഇല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഡിജിറ്റലൈസ് ചെയ്തതിന് ശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചിനകം പേപ്പറുകള്‍ തിരികെ നല്‍കണമെന്ന് രജിസ്ട്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ വിവരങ്ങള്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.