ആലുവ: മൂന്ന് പേരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അടിമുടി ദുരൂഹത. ഇതിനിടെ സംഭവത്തെ കുറിച്ച് നിര്‍ണായക സൂചനകള്‍ പൊലീസിന് ലഭിച്ചു. പ്രതികള്‍ സഞ്ചരിക്കാനുപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തു കൊടുത്തത് പത്തനംതിട്ട എആര്‍ ക്യാമ്പിലെ എഎസ്‌ഐ സുരേഷ് ബാബുവാണ്. ക്യാമ്പില്‍ മക്ഗ്രാത്ത് എന്നാണ് ഇദ്ദേഹം അറിപ്പെടൂന്നത്. പ്രതികളില്‍ ഒരാള്‍ സുരേഷ് ബാബുവിന്റെ പരിചയക്കാരനാണ്. വിദേശത്ത് നിന്ന് നാട്ടില്‍ വന്ന ഇയാള്‍ സുരേഷ് ബാബുവിന്റെ മാരുതി വാഗണര്‍ കാര്‍ ചോദിച്ചാണ് വന്നതത്രേ. അത് വര്‍ക്‌ഷോപ്പില്‍ ആയതിനാല്‍ മറ്റൊരു വാഹനം വാടകയ്ക്ക് എടുത്തു നല്‍കി എന്നാണ് സുരേഷ് ബാബുവിന്റെ വിശദീകരണം. ഇദ്ദേഹത്തിന് സേനയ്ക്കുള്ളില്‍ മോശം ട്രാക്ക് റെക്കോഡില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സുരേഷ്ബാബു വാഹനം വാടകയ്ക്ക് എടുത്തു നല്‍കിയതിനാല്‍ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
നിയമ വിരുദ്ധ സാമ്ബത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ ഗൂഗിള്‍ പേ വഴി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതായുളള വിവരം പൊലീസിന് ലഭിച്ചു. ഇതോടൊപ്പം മൊബൈല്‍ ഫോണുകളും സി.സി.ടി.വികളും പരിശോധിച്ചാണിപ്പോള്‍ അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവച്ചാണ് മൂന്നു പേരെ തട്ടിക്കൊണ്ടുപോയത്. ദൃക്‌സാക്ഷി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ തട്ടികൊണ്ടുപോയ സംഭവത്തിലാണ് പൊലീസ് കേസെടുത്തിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരെ ഒന്നിച്ചാണ് കാറില്‍ കയറ്റിക്കൊണ്ട് പോയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ചും തട്ടിക്കൊണ്ട് പോയ മൂന്ന് പേരെക്കുറിച്ചും പൊലീസിന് കൃത്യമായ വിവരം ലഭിച്ചിരിക്കയാണ്. ഇതിനിടെ, പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.