പത്തനംതിട്ട: സ്ഥാനാര്‍ഥിയെ വര്‍ണിച്ച് പാരഡിപ്പാട്ടുകള്‍ ഇറക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവാണ്. അക്കാലത്തും സമീപകാലത്തും ട്രെന്‍ഡിങ് ആയിട്ടുളള പാട്ടുകള്‍ക്കാകും പാരഡി ചമയ്ക്കുക. എന്നാല്‍, ഇങ്ങനെ ചമച്ച ഒരു പാരഡി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് തിരിച്ചടിച്ചു.
ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിങ് ട്രോള്‍ ആയി അത് മാറി. കമല്‍ഹാസന്‍ നായകനായ വിക്രം എന്ന സിനിമയിലെ ഗാനത്തിന്റെ പാരഡിയാണ് തോമസ് ഐസക്കിന് ട്രാജഡിയായത്. തിരുവനന്തപുരത്തെ ഒരു ഓഡിയോ ഏജന്‍സിയാണ് ഇത് നിര്‍മ്മിച്ചത്. സംഭവം കേരളത്തിലെ സൈബര്‍ സഖാക്കളുടെ ഇടയില്‍ തന്നെ പ്രതിഷേധത്തിന് കാരണമായി. ഐസക്കിന്റെ മേല്‍നോട്ടത്തിലുള്ള പി.ആര്‍ ടീമിന്റെ വിഡിയോ പാട്ട് മാറ്റി പാര്‍ട്ടിക്ക് അകത്തുള്ളവര്‍ അദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
കമന്റുകള്‍ മുഴുവന്‍ നെഗറ്റീവാണ്. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പാട്ട് ഇങ്ങനെ:
നായകന്‍ ഐസക്ക് ഇതാ, കാറ്റില്‍ വെയിലില്‍ ആവേശം
ഐസക് വിജയിക്കും
നാടിന്റെ ചിഹ്നം ഇതാ അരിവാള്‍ ചുറ്റിക നക്ഷത്രം
ഐസക്ക് വന്നാല്‍ എല്ലാം മാറും
പുത്തന്‍ ചിന്തകള്‍ നാടിനെ മാറ്റും
വോട്ട് പോടലാമാ
എല്‍ഡിഎഫ് സഖാക്കള്‍ ഗൗരവത്തില്‍ ഇറക്കിയ പാരഡിയെ കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തേ പിണറായിയുടെ പേരില്‍ ഇറങ്ങിയ ഗാനവും സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിരുന്നു. പാര്‍ട്ടിക്കുളളിലുള്ളവര്‍ ഐസക്കിന് ഇട്ട് പണിതതാണോ ഈ ഗാനത്തിലൂടെ എന്നും ചോദിക്കുന്നവര്‍ ഉണ്ട്.