പത്തനംതിട്ട: മഹാപ്രളയത്തില്‍ ഫര്‍ണിച്ചര്‍ കട നശിച്ചതിന് നഷ്ടപരിഹാരം നിഷേധിച്ച ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി 15.53 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. റാന്നി ഇടശേരില്‍ വീട്ടില്‍ എബി സ്റ്റീഫന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പ്രസിഡന്റ് അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.
എബിയുടെ ഉടമസ്ഥതയില്‍ റാന്നിയിലുള്ള എബനേസര്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ 15 ലക്ഷം രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിരുന്നു. 2018 ലെ മഹാപ്രളയത്തില്‍ വെള്ളം കയറി എബിയുടെ സ്ഥാപനത്തില്‍ 13.38 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പരിശോധനയില്‍ ബോധ്യപ്പെട്ടു. എന്നാല്‍, ഈ കടയില്‍ വെള്ളം കയറിയിട്ടില്ലെന്ന് പറഞ്ഞ് കമ്പനി ഇന്‍ഷ്വറന്‍സ് നിഷേധിച്ചു. ഇതിനെതിരേ ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി കൊല്ലം മാനേജരെ എതിര്‍കക്ഷിയാക്കി എബി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ ഹര്‍ജി നല്‍കി.
റാന്നി തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറിി,അഡ്വക്കേറ്റ് കമ്മിഷണര്‍ എന്നിവര്‍ കമ്മിഷന്‍ മുമ്പാകെ ഹാജരായി എബിക്ക് അനുകൂലമായ തെളിവുകള്‍ കൈമാറി. ഇരുകൂട്ടരുടെയും സാക്ഷികളെ കമ്മിഷന്‍ വിസ്തരിച്ചു. അവരുടെ മൊഴികളും ഹാജരാക്കിയ രേഖകളും അടിസ്ഥാനമാക്കിയാണ് കമ്മിഷന്‍ വിധി പ്രഖ്യാപിച്ചത്. എബിയുടെ ഹര്‍ജി ശരിയാണെന്ന് കമ്മിഷന് ബോധ്യമായി. അതിന്റെ അടിസ്ഥാനത്തില്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിലുണ്ടായ നഷ്ടം 13.38 ലക്ഷം രൂപയും രണ്ടു ലക്ഷം നഷ്ടപരിഹാരവും ചെലവ് 15000 രൂപയും ചേര്‍ത്ത് 15.53 ലക്ഷം ഹര്‍ജി കക്ഷിക്ക് നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിടുകയായിരുന്നു.