പത്തനംതിട്ട: മൈക്രോഫിനാന്‍സില്‍ നിന്ന് അടക്കം എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറന്മുള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തെക്കേമല പുന്നക്കാട് ഫിഷറീസിന് സമീപം താമസിക്കുന്ന മത്തയ്ക്കുമലയില്‍ സെബാസ്റ്റ്യന്‍ ഭാര്യ സിന്ധു (46) ആണ് ഇന്ന് ഉച്ചയ്ക്ക് 12 30 ന് വീട്ടില്‍ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍വാസികളും പോലീസും ചേര്‍ന്ന് ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് സെബാസ്റ്റ്യനും പത്തു വയസുള്ള മകളും ഒന്നിച്ചാണ് താമസം. കഴിഞ്ഞ ഒരു മാസമായി സെബാസ്റ്റ്യന്‍ എറണാകുളത്ത് സെക്യൂരിറ്റി ആയി ജോലി നോക്കുകയാണ്. കടം വാങ്ങിയ പണം തിരികെ അടയ്ക്കാന്‍ കഴിയാത്ത വിഷമം സിന്ധുവിന് ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ സിന്ധു മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. മകള്‍ അയല്‍വാസിയുടെ വീട്ടിലായിരുന്നുവെന്ന് പറയുന്നു. ഇവര്‍ക്ക് 60% തീ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.