അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി കോടതി ജീവപര്യന്തം തടവിനും 3.20 ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു. ഏനാദിമംഗലം മാരൂര്‍ ചാങ്കൂര്‍ കണ്ടത്തില്‍പറമ്പില്‍ അജിത്തിനെ(23)നെയാണ് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിനൊപ്പം 26 വര്‍ഷം കഠിനതടവുമാണ് വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധികതടവ് കൂടി അനുഭവിക്കണം. ഇന്‍സ്റ്റാ്രഗം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ 2022 ജനുവരി മൂന്നിന് അതിക്രമിച്ചു കയറിയ പ്രതി അഞ്ചാം തീയതി വരെ പീഡനം തുടര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും പെണ്‍കുട്ടിയുടെ അമ്മൂമ്മയുടെ സ്വര്‍ണമാലയും കൈക്കലാക്കി. മാല കാണാതെ വന്ന അമ്മൂമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് ചെന്ന ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജിഷിനോട് പെണ്‍കുട്ടി പീഡന കഥ പറയുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ. പി.സ്മിത ജോണ്‍ ഹാജരായി.