പത്തനംതിട്ട: ഗ്യാസ് കണക്ഷനുള്ളവര്‍ ബുക്കും ആധാറുമായി ഏജന്‍സിയില്‍ ചെന്ന് കൈവിരല്‍ പതിപ്പിക്കണമെന്ന സന്ദേശം വൈറല്‍ ആയതിനെ തുടര്‍ന്ന് തിക്കും തിരക്കും ബഹളവും. ഈ നിബന്ധന ആര്‍ക്കൊക്കെയാണ് ബാധകം എന്ന് ഗ്യാസ് ഏജന്‍സികളോ ഉദ്യോഗസ്ഥരോ പറയാത്തത് കാരണം കണക്ഷനുള്ളവരെല്ലാം തന്നെ ഏജന്‍സിയിലേക്ക് പാഞ്ഞു ചെന്നു. വടശേരിക്കര ശബരി ഗ്യാസ് ഏജന്‍സിയിലടക്കം തിക്കും തിരക്കും അനുഭവപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരമൊരു അറിയിപ്പ് കണ്ടതോടെ ജനങ്ങള്‍ ഗ്യാസ് ഏജന്‍സികളില്‍ എത്തി വലിയ തിക്കും തിരക്കുമാണ്. ഗ്യാസ് കണക്ഷന്‍ ബുക്കും ആധാര്‍ കാര്‍ഡുമായി എത്തി കൈവിരല്‍ പതിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഗ്യാസ് കണക്ഷന്‍ ആരുടെ പേരിലാണോ ആ ആള്‍ എത്തണം. ഏജന്‍സികള്‍ക്ക് ഇങ്ങനെയൊരു അറിയിപ്പ് നല്‍കിയിട്ടില്ല എന്നും പറയുന്നു. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ബി.പി.സി.എല്ലിന്റെ ഏജന്‍സിയായ ശബരിയിലേക്ക് കൂട്ടത്തോടെ ഉപയോക്താക്കള്‍ എത്തി. ഇവിടെ നിന്ന് ഇങ്ങനെ ഒരു അറിയിപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചുവത്രേ. ഈ രീതിയില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണെന്ന് കേട്ടാണ് ആള്‍ക്കാര്‍ തിക്കും തിരക്കുമായി ചെന്നത്. അടുത്ത ദിവസങ്ങളില്‍അവധി ആയത് തിരക്ക വര്‍ധിക്കാന്‍ കാരണമായി. വടശേരിക്കരയിലെ ഏജന്‍സി നല്‍കിയെന്ന് പറയുന്ന അറിയിപ്പ് ജില്ലയിലെ മറ്റ് പല സ്ഥലത്തെയും വാട്‌സാപ്പ് ഗ്രുപ്പുകളില്‍ എത്തുകയും അവിടങ്ങളിലെ ഗ്യാസ് ഏജന്‍സികളില്‍ ആളുകള്‍ അന്വേഷിച്ച് എത്തുകയും ചെയ്യുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം ഭാരത് പെട്രോളിയം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മില്‍ ബന്ധിപ്പിച്ച് കൈവിരല്‍ പതിപ്പിക്കുന്നതെന്നാണ് ഗ്യാസ് ഏജന്‍സി അധികൃതര്‍ പറയുന്നത്. ഇന്‍ഡേന്‍, എച്ച്.പി തുടങ്ങിയ ഗ്യാസ് വിതരണക്കാര്‍ ഇത്തരമൊരു അറിയിപ്പ് എങ്ങും നല്‍കിയിട്ടില്ല. കണക്ഷന്‍ വിദേശത്തുള്ള ആളിന്റെ പേരില്‍ ആണെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആ ആധാറുമായി ബന്ധിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. ആരുടെ പേരിലേക്കാണോ മാറ്റുന്നത്. അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ എന്നിവയുമായി എത്തണം. അതികഠിനമായ ചൂടിലും രാവിലെ ഏഴു മണി മുതല്‍ ഗ്യാസ് ഏജന്‍സിയുടെ മുന്നില്‍തിരക്കാണ്. പ്രായം ചെന്നവര്‍ക്കും കുട്ടികളുമായി എത്തുന്ന അമ്മമാര്‍ക്കും ചൂട് ഏല്‍ക്കാതെ നില്‍ക്കാന്‍പോലും സൗകര്യം ഇല്ല. കടുത്ത ചൂടില്‍ എട്ടും ഒന്‍പതും മണിക്കൂര്‍ തുടര്‍ച്ചയായി വെയിലും ചൂടും ഏറ്റ് റോഡില്‍ നില്‍ക്കുന്നവര്‍തളര്‍ന്ന് വീഴുകയും ചെയ്യുന്നു.
കൈവിരല്‍ പതിപ്പിക്കുന്നത് ശരിയാകാത്തതിനാല്‍ പോയി പിന്നീട് വരാന്‍ പറഞ്ഞുവിടുകയും ചെയ്യുന്നുണ്ട്.
ആധാര്‍ ബന്ധിപ്പിക്കേണ്ടത് ഉജ്വല്‍ ഉപയോക്താക്കള്‍
ആധാറും ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ച് ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തണമെന്നത് ശരിയാണെന്നും പക്ഷേ, നിലവില്‍ അത് പ്രധാനമന്ത്രി ഉജ്വല്‍ യോജന പ്രകാരം സൗജന്യ ഗ്യാസ് കണക്ഷന്‍ കിട്ടിയവര്‍ക്ക് മാത്രമാണെന്നും പത്തനംതിട്ടയിലെ ഇന്‍ഡേന്‍ ഏജന്‍സിയായ റോയലിന്റെ ഉടമ ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. ഉജ്വല്‍ പദ്ധതി പ്രകാരം കണക്ഷന്‍ നല്‍കിയവരുടെ ആധാര്‍ കാര്‍ഡും ബയോമെട്രിക്കും അപ്‌ഡേറ്റ് ചെയ്യാനുള്ള നിര്‍ദേശം മാത്രമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഇത് തന്നെയാണ് നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. ഉജ്വല്‍ യോജന പദ്ധതി പ്രകാരം സൗജന്യമായിട്ടാണ് കണക്ഷന്‍ നല്‍കിയിരിക്കുന്നത്. ഇത് സ്ത്രീകളുടെ പേരിലാണ് കൊടുത്തിരിക്കുന്നത്. ഇവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടര്‍ എടുക്കുമ്പോള്‍ 300 രൂപ സബ്‌സിഡി കൊടുക്കുന്നുണ്ട്.
ആധാറും ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിച്ച് ബയോമെട്രിക് അപ്‌ഡേഷന്‍ നടത്താനുള്ളവരെ ഏജന്‍സിയില്‍ നിന്ന് വിളിച്ച് വിവരം അറിയിക്കുന്നുണ്ട്. എന്നാല്‍, അവരുടെ ഭാഗത്ത് നിന്നും തണുപ്പന്‍ പ്രതികരണമാണ്. സൗജന്യ കണക്ഷന്‍ ലഭിച്ചപ്പോള്‍ പലരും നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ പോലും നിലവിലില്ല. തങ്ങളുടെ ഏജന്‍സിയില്‍ ഇനിയും അപ്‌ഡേഷന്‍ നടത്താത്ത 66 കണക്ഷനുണ്ടെന്ന് ജോര്‍ജ് വര്‍ഗീസ് പറയുന്നു. ഇതിന് ഒരു അവസാന തീയതി ഒന്നും ഇതു വരെ നിശ്ചയിച്ച് നല്‍കിയിട്ടില്ല. പലവട്ടം വിളിച്ചിട്ടും പലരും വരാന്‍ കൂട്ടാക്കുന്നില്ല. ഉജ്വല്‍ പദ്ധതി പ്രകാരം കണക്ഷന്‍ എടുത്ത ശേഷം മരിച്ചു പോയവര്‍, വിദേശരാജ്യങ്ങളില്‍ ജോലിക്ക് പോയവര്‍, സ്ഥലത്തില്ലാത്തവര്‍ എന്നിവരെ കണ്ടെത്തി കണക്ഷന്‍ മാറ്റി നല്‍കുക എന്നൊരു ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
ഭാവിയില്‍ മറ്റുള്ളവര്‍ക്കും ഇതേ പോലെ ബയോമെട്രിക് അപ്‌ഡേഷന്‍ വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകില്‍ കൈവിരല്‍, അല്ലെങ്കില്‍ കൃഷ്ണമണി എന്നിവയാണ് അപ്‌ഡേഷന് ഉപയോഗിക്കേണ്ടി വരുന്നത്. ഇതിന് ഏറെ സമയം വേണ്ടി വരികയും ചെയ്യും.