
പന്തളം: പണയ സ്വര്‍ണം തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സഹകരണ ബാങ്ക് ജീവനക്കാരന്‍ അച്ചന്‍കോവിലാറ്റില്‍ മരിച്ച നിലയില്‍.. സി.പി.എം മുന്‍ പന്തളം ഏരിയ സെക്രട്ടറി അഡ്വ. പ്രമോദ് കുമാറിന്റെ മകനും പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരനുമായിരുന്ന അര്‍ജുന്‍ പ്രമോദ് ( 30 ) ആണ് മരിച്ചത്. അച്ചന്‍കോവിലാറ്റില്‍ പന്തളം മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവിലാണ് മൃതദേഹം കണ്ടത്. അര്‍ജുനെ രാവിലെ മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആറ്റില്‍ മൃതദേഹം കണ്ടത്.
പന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വച്ച 70 പവന്‍ സ്വര്‍ണം സി.പി.എം പ്രവര്‍ത്തകന്‍ കൂടിയായ അര്‍ജുന്‍ പ്രമോദ് മറ്റൊരു ബാങ്കില്‍ പണയം വച്ചുവെന്ന് കണ്ടെത്തിയിരുന്നു. വിവരം പുറത്തായതോടെ സ്വര്‍ണം തിരികെ എത്തിച്ചെങ്കിലും അര്‍ജുനെ സസ്‌പെന്‍ഡ് ചെയ്തു. ബാങ്കിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ജീവനക്കാരനായ അര്‍ജുന്‍ രാത്രിയില്‍ സ്വര്‍ണം എടുത്തു കൊണ്ടുപോകുന്നത് കണ്ടെത്തിയത്. സിപിഎം നോമിനിയായാണ് അര്‍ജുന് ബാങ്കില്‍ ജോലി ലഭിച്ചത്. സസ്‌പെന്‍ഷനിലായിരുന്ന അര്‍ജുനെ തിരികെ എടുക്കാന്‍ നടപടി ഉണ്ടായില്ല. അര്‍ജുന്റെ പിതാവ് പ്രമോദ്കുമാര്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സിപിഎം ജില്ലാ കമ്മറ്റിയംഗം, ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പിന്നീട് പരാതിയെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു.