
പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ര്ടീയ സമ്മര്‍ദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍.ഡി.ഓ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി. സമ്മര്‍ദം ഏത് രാഷ്ര്ടീയ കക്ഷിയുടേതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. 12 വില്ലേജ് ഓഫീസര്‍മാര്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ആര്‍ഡി.ഓയെ ചുമതലപ്പെടുത്തിയത്. സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ം കുടുംബാംഗങ്ങള്‍ എന്നിവരില്‍ നിന്നും മൊഴി ശേഖരിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് കൈമാറും.
മാര്‍ച്ച് 12നാണ് മനോജിനെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ര്ടീയ സമ്മര്‍ദ്ദം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മനോജ്. ഇതേതുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തിനൊടുവില്‍ വില്ലേജ് ഓഫീസര്‍ ജീവനൊടുക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ഭരണകക്ഷി നേതാക്കള്‍ക്കതിരെ കുടുംബം ആരോപണം ഉന്നയിച്ചെങ്കിലും ആര്‍.ഡി.ഓയുടെ റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ പറയുന്നില്ല. ആത്മഹത്യക്ക് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പിക്ക് കുടുംബം പരാതി നല്‍കിയെങ്കിലും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്‌നമുണ്ടായിരുന്നതായും ഇതില്‍ മനോജിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായും ബന്ധുക്കള്‍ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു. മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോണ്‍ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കളുടെ പരാതിക്ക് സമാനമായ പരാതിയാണ് മനോജിന്റെ സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാരും ഉന്നയിച്ചത്.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് നടന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മനോജ് അസ്വസ്ഥനായി കാണപ്പെട്ടിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സി.പി.എമ്മിന്റെ ഒരു പ്രമുഖ നേതാവാണ് ഈ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത് എന്നാണ് ആരോപണം.