
അടൂര്‍: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പരസ്യം നല്‍കി ഓണ്‍ ലൈന്‍ വഴി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. കരുനാഗപ്പള്ളി സിയാ കോട്ടേജില്‍ മുഹമ്മദ് നിയാസ്(24) ആണ് അറസ്റ്റിലായത്. അടൂര്‍ സ്വദേശിനിയില്‍ നിന്നും 5.20 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. രാജ്യത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഫോണിലേക്ക് അയച്ചു നല്‍കിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്.
തുടര്‍ന്ന് ഹോട്ടലുകെള കുറിച്ച് നല്ല റിവ്യു ഇടാന്‍ ആവശ്യപ്പെടും. ഇതോടൊപ്പം ആദ്യം 100 മുതല്‍ 1000 രൂപ വരെയുള്ള തുക തട്ടിപ്പ് സംഘം പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നല്‍കാനും പറയും. ഈ തുകയോടൊപ്പം അന്‍പത്, നൂറ് രൂപ കൂട്ടി പണം തിരികെ നല്‍കുന്നതാണ് ആദ്യഘട്ടം. ഇത്തരത്തില്‍ പണം ലഭിക്കുന്നവരുടെ വിശ്വാസം നേടിയെടുക്കുന്ന തട്ടിപ്പ് സംഘം കൂടുതല്‍ തുക ആവശ്യപ്പെടും. ഇത്തരത്തിലാണ് അടൂര്‍ സ്വദേശിനിയുടെ പണവും നഷ്ടപ്പെട്ടത്. മുഹമ്മദ് നിയാസിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായും ലക്ഷങ്ങള്‍ ഇത്തരത്തില്‍ ഇയാള്‍ പിന്‍വലിച്ചിട്ടുള്ളതായും പോലീസ് അനേ്വഷണത്തില്‍ കണ്ടെത്തി. എറണാകുളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു പ്രതി.
ഇവിടെയിരുന്നാണ് നിയാസ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. പുറത്തുള്ളവരുടെ സഹായത്തോടെയാണ് നിയാസ് കേരളത്തില്‍ തട്ടിപ്പു നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നൂറു കണക്കിന് ബാങ്ക് അക്കൗണ്ടുകളുംഫോണ്‍ നമ്പരുകളും ഇ മെയിലുകളും പരിശോധിച്ചാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. ദിവസങ്ങളോളം കാക്കനാട്, ഇന്‍ഫോപാര്‍ക്ക്, വരാപ്പുഴ എന്നിവിടങ്ങളില്‍ അതീവ രഹസ്യമായി അനേ്വഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുംനിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവരെ കണ്ടെത്തുന്നതിന് പ്രത്യേകസംഘം രൂപീകരിച്ച് അനേ്വഷണം വ്യാപിപ്പിച്ചതായും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈ.എസ്.പി.ആര്‍.ജയരാജിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ.ആര്‍.രാജീവ്, സബ് ഇന്‍സ്പെക്ടര്‍ അനൂപ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.