കൊല്ലം: പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന്റെ പ്രതിക സമര്‍പ്പണത്തിന് മെത്രാന് വേഷത്തില്‍ പങ്കെടുത്ത വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കടപ്പാക്കട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോര്‍ജ് വിലസിയിരുന്നത് ബസേലിയോസ് മാര്‍ത്തോമാ യാക്കോബ് പ്രഥമന്‍ ബാവ എന്ന പേരില്‍.ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ കാതോലിക്കാ ബാവ എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇയാളുടെ വാസ സ്ഥലത്തേയ്ക്കുള്ള പ്രവേശന കവാടത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവയുടെ ആസ്ഥാനം എന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, കോട്ടയം ദേവലോകം കേന്ദ്രീകരിച്ചുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മറ്റൊരു പേരാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെന്ന കാര്യം പലര്‍ക്കും അറിയാത്തതും ഇയാളുടെ മെത്രാന് വേഷതട്ടിപ്പിന് വളമായി. യഥാര്‍ഥ കാതോലിക്കാ ബാവായാണ് ജെയിംസ് ജോര്‍ജ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു പലരും ഇയാളുടെ തട്ടിപ്പിന് ഇരയായാക്കപ്പെട്ടത്. ജെയിംസ് ജോര്‍ജ് നടത്തിവ ന്നിരുന്ന മോഡേണ്‍ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയുടെ മുകള്‍ നിലയില്‍ ഒരു പള്ളിയും സ്ഥാപിച്ചിരുന്നു. ഇവിടെ ചിലരെ വൈദികരായി നിയമിച്ചു. പ്രതിമാസം പതിനായിരം രൂപ നിരക്കില്‍ ശമ്പളം നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ഇവര്‍ക്ക് ഭക്ഷണം മാത്രമെ നല്കിയിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. നല്‍കാമെന്ന് പറഞ്ഞ തുക ലഭിക്കാതെ വന്നതോടെ കുപ്പായവും വലിച്ചെറിഞ്ഞ് ഇവര്‍ രക്ഷപ്പെട്ടു.
ഇതിനിടയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.ജയില്‍ മോചിതനായി പുറത്തു വന്നതിന് ശേഷം തമിഴ്നാട്ടിലെ ഈറോഡിന് സമീപത്തെ ഫാമില്‍ മുട്ട കോഴി കൃഷിയുമായി കഴിഞ്ഞു വരവെയാണ് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഇയാളുടെയും ഭാര്യ സീമയുടെയും ഉടമസ്ഥതയിലുള്ള 1.6 കോടി രൂപ വിലമതിക്കുന്ന സ്ഥാവരജംഗമ വസ്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഈ കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എ മുന്നണിയില്‍ കയറി കൂടാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. ഇതിന്റെ ആദ്യ പടിയായിട്ടാണ് കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം.