അടൂര്‍: പത്ത് ഇഞ്ച് വ്യാസമുള്ള ജലവിതരണക്കുഴലില്‍ ഘടിപ്പിക്കാന്‍ കൊണ്ടു വന്ന വാല്‍വിന്റെ വ്യാസത്തില്‍ വ്യത്യാസം. ശുദ്ധജല വിതരണം നടത്തുന്ന മെയിന്‍ ലൈനില്‍ അറ്റകുറ്റപ്പണി പാളി. ഒടുവില്‍ സംഭരണ ടാങ്കില്‍ നിറഞ്ഞു കിടക്കുന്ന ശുദ്ധജലം തുറന്നു വിട്ട് വാട്ടര്‍ അതോറിറ്റി. ആര്‍ക്കും ഒരു ഉപകാരവുമില്ലാതെ ഒലിച്ചു പോയത് 4.70 ലക്ഷം ലിറ്റര്‍ വെള്ളം. കൊടുംവേനലില്‍ തുള്ളി വെള്ളമില്ലാതെ ജനങ്ങള്‍ വട്ടം ചുറ്റുമ്പോഴാണ് വാട്ടര്‍ അതോറിറ്റി ഞാണിന്മേല്‍ കളി നടത്തിയത്.
കടമ്പനാട് ശുദ്ധജല വിതരണ പദ്ധതിയില്‍ ഇന്നലെ രാത്രിയിലാണ് കടുംകൈ ചെയ്തത്. പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മോതിരച്ചുള്ളി മലയില്‍ സ്ഥാപിച്ചിരിക്കുന്ന സംഭരണ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് ഗത്യന്തരമില്ലാതെ തുറന്നു വിട്ടിരിക്കുന്നത്. അഞ്ചു ലക്ഷം ലിറ്ററാണ് സംഭരണ ശേഷി. വിതരണ ശൃംഖലയില്‍ പുതിയ വാല്‍വ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസമായി സംഭരണ ടാങ്കില്‍ നിന്ന് ജലവിതരണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ടാങ്കില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് വാല്‍വ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായുള്ള കൂറ്റന്‍ വാല്‍വ് ക്രെയിനിലാണ് ഇറക്കിയത്. വിതരണ പൈപ്പ് 10 ഇഞ്ച് വ്യാസമുള്ളതാണ്. ഇതില്‍ ഘടിപ്പിക്കാന്‍ കൊണ്ടു വന്ന വാല്‍വിന്റെ അളവ് കൃത്യമായിരുന്നില്ല. ഇതു കാരണം ജലവിതരണ പൈപ്പ് മുറിച്ചത് തമ്മില്‍ സംയോജിപ്പിക്കാന്‍ കഴിഞ്ഞില്ല. ഏതു വിധേനെയെങ്കിലും വാല്‍വ് തിരുകി കയറ്റാനുള്ള ശ്രമത്തിനിടെ ഇളകി വീണ് ഒരു ജോലിക്കാരന് പരുക്കേറ്റുവെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണടിയില്‍ കല്ലടയാറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് മലങ്കാവിലെ ശുദ്ധീകരണ ശാലയില്‍ നിന്ന് എത്തിക്കും. ഇവിടെ ശുദ്ധീകരിക്കുന്ന വെള്ളമാണ് മോതിരച്ചുള്ളിമലയിലെ സംഭരണ ശാലയിലേക്ക് എത്തിക്കുന്നത്.
മൂന്നു ദിവസമായി ലൈനില്‍ ജലവിതരണമില്ലെങ്കിലും പമ്പിങ്ങും ശുദ്ധീകരണവും നടന്നിരുന്നു. ഇതു കാരണം മോതിരച്ചുള്ളി മലയിലെ സംഭരണ ശാലയില്‍ വെള്ളം നിറഞ്ഞു കിടക്കുകയാണ്. വാല്‍വ് ഘടിപ്പിച്ചതിന് ശേഷം ഇന്നലെ വൈകിട്ട് ജലവിതരണം പുനരാരംഭിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അത് സാധിക്കാതെ വന്നപ്പോള്‍ നിറഞ്ഞു കിടക്കുന്ന ടാങ്ക് അപകട ഭീഷണിയായി. ഇനിയും ശുദ്ധീകരിച്ച ജലം ടാങ്കിലേക്ക് വന്നാല്‍ അതില്‍ ഉള്‍ക്കൊളളാതെ വരും. ടാങ്കിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും. അങ്ങനെ വന്നപ്പോഴാണ് വെള്ളം തുറന്നു വിട്ടതെന്ന് കരുതുന്നു.
സംഭരണ ടാങ്കില്‍ നിന്നുള്ള വെള്ളം നെല്ലിമുകള്‍ ജങ്ഷനില്‍ എത്തി കടമ്പനാട്, പാണ്ടിമലപ്പുറം, കൊല്ലം ജില്ലയിലെ ഇടയ്ക്കാട്, ഏഴാംമൈല്‍ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതാണ്. കടമ്പനാട്, നെല്ലിമുകള്‍, മോതിരച്ചുള്ളി മല, കല്ലുകുഴി, ഇടയ്ക്കാട്, പാണ്ടിമലപ്പുറം, ചക്കൂര്‍ച്ചിറ, മുണ്ടപ്പള്ളി, അടയപ്പാട്, ലക്ഷംവീട് കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് ഈ വെള്ളം ആശ്രയിച്ചു കഴിയുന്നത്. വേനല്‍ കടുത്തതോടെ ഉയര്‍ന്ന പ്രദേശങ്ങള്‍ ജലക്ഷാമത്തിന്റെ പിടിയിലാണ്. മൂന്നു ദിവസമായി അറ്റകുറ്റപ്പണിയുടെ പേരില്‍ ജലവിതരണം തടസപ്പെട്ടിരിക്കുകയായിരുന്നു. അതിനിടെയാണ് സംഭരിച്ച വെള്ളം ആര്‍ക്കും പ്രയോജനമില്ലാതെ തുറന്നു വിട്ടിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല.