
അടൂര്‍: മസ്‌കറ്റില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് മലയാളി മരിച്ചു. കടമ്പനാട് വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാര്‍(54) ആണ് മരിച്ചത്. ഞായറാഴ്ച ഒമാനിലെ ബിദിയയിലെ സനയയ്യില്‍ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഒമാനില്‍ 15 വര്‍ഷമായി വര്‍ക് ഷോപ്പ് നടത്തുകയായിരുന്നു സുനില്‍ കുമാര്‍.ഞായറാഴ്ച ഇദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെ കെട്ടിടങ്ങളില്‍ ശക്തമായ മഴയില്‍ വെളളം കയറി. ഇതോടൊപ്പം സമീപത്തെ മതില്‍ ഇടിഞ്ഞ് വീണ് അതിനുള്ളില്‍ ഒരാള്‍ അകപ്പെട്ടു. ഇയാളെ രക്ഷപ്പെടുത്തുന്നതിനിടെ സുനില്‍ കുമാര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഞായറാഴ്ച രാവിലെ സുനില്‍കുമാറും മകളും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് അപകടമുണ്ടായത്. സുനിലിന്റെ ഭാര്യ:ദിവ്യ. മകള്‍: സ്വാതി സുനില്‍.