
അടൂര്‍: കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കര്‍ഷകന് കാട്ടുപന്നിയുടെ കുത്തേറ്റ് കുടലിന് ഗുരുതര പരുക്ക്. പെരിങ്ങനാട് രാഹുല്‍ നിവാസില്‍ രാജന്‍(58)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 8.30-ന് പെരിങ്ങനാട് പുത്തന്‍ചന്തയിലുള്ള സ്വന്തം കൃഷിയിടത്തില്‍ വച്ചാണ് സംഭവം. കപ്പയ്ക്ക് മണ്ണ് വെട്ടിയിടുന്ന ജോലിയിലായിരുന്നു ഇദ്ദേഹം. ഇതിനിടെ വെള്ളം കുടിക്കാന്‍ വേണ്ടി കൃഷിയിടത്തിലെ പണയില്‍ നിന്നും കരയ്ക്ക് കയറിയപ്പോഴാണ് പന്നി പാഞ്ഞു വന്ന് കുത്തിയത്. പരുക്കേറ്റ രാജന്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഒടുവില്‍ കൃഷിയിടത്തില്‍ നിന്നും ഒരു വിധത്തില്‍ റോഡില്‍ എത്തി സമീപത്തുള്ള ബന്ധുവീട്ടില്‍ വിവരം പറഞ്ഞു. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോള്‍ വലതു കൈയുടെ മുട്ടിന് പരുക്കേറ്റതായി മാത്രമേ ബന്ധുക്കള്‍ക്ക് അറിവുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് രാജന്‍ വയറിന് വേദനയുണ്ട് എന്ന് പറഞ്ഞതനുസരിച്ച് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രാജന്റെ കുടലിന് പരുക്കേറ്റതായി മനസിലായത്. ഇതോടെ രാജനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയും കഴിഞ്ഞു. രാജന്റെ കുടലിന് മൂന്നിടത്താണ് പരുക്കേറ്റത്.