110 കെ.വി ലൈനില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി രതീഷ് വനിതാ സുഹൃത്തിനെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് അറസ്റ്റില്‍

1 second read
Comments Off on 110 കെ.വി ലൈനില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി രതീഷ് വനിതാ സുഹൃത്തിനെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് അറസ്റ്റില്‍
0

അടൂര്‍: ഓര്‍മയില്ലേ രതീഷിനെ? 110 കെ.വി. ലൈനില്‍ കയറി കൈയില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കിയ പറക്കോട്ടുകാരനെ? ഭാര്യയും ഉറ്റബന്ധുക്കളും വന്നു വിളിച്ചിട്ടും താഴെയിറങ്ങാന്‍ തയാറാകാതെ അര്‍ധരാത്രി ടവറിന് മുകളില്‍ കയറിയിരുന്ന് വൈദ്യുതി മുടക്കുകയും പൊലീസിനെയും കെഎസഇബിയെയും വലയ്ക്കുകയും ചെയ്ത രതീഷ് അവസാനം താഴെ ഇറങ്ങാന്‍ തയാറായത് സുഹൃത്തായ യുവതി വന്നു വിളിച്ചപ്പോഴാണ്. അതേ യുവതിയെയും മകനെയും പെട്രോള്‍ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമിച്ച കേസില്‍ ഇപ്പോള്‍ രതീഷ് അകത്തായിരിക്കുകയാണ്!

പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ജയിലിലാക്കി എന്ന മുന്‍വിരോധത്തിന്റെ ഭാഗമായി യുവതിയേയും മകനേയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴംകുളം പൂഴിക്കോട്ട് പടി പാലക്കോട്ട് താഴേ വീട്ടില്‍ രതീഷ്(39) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. അന്നേ ദിവസം രാത്രി 7.30-ന് ഭര്‍തൃമതിയായ ഏഴംകുളം വയല സ്വദേശിനിയേയും മകനേയും വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി മര്‍ദ്ദിച്ചു. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കുപ്പിയില്‍ നിറച്ച പെട്രോളുമായി എത്തുകയായിരുന്നു. പെട്രോള്‍ യുവതിയുടേയും മകന്റേയും ശരീരത്ത് ഒഴിച്ച് ലൈറ്റര്‍ എടുത്ത് കത്തിക്കും എന്ന് ഭീഷണിയും മുഴക്കി തിരികെ പോയി.

തുടര്‍ന്ന് യുവതിയും മകനും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. രതീഷും യുവതിയും മുന്‍പു തന്നെ സുഹൃത്തുക്കളായിരുന്നു. ഇടയ്ക്ക് ഇവര്‍ തമ്മില്‍ അകന്നു. തന്നെ ഉപദ്രവിച്ചുവെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം യുവതി നല്‍കിയ പരാതിയില്‍ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു.

ഈ വിരോധമാണ് യുവതിയെ ഇപ്പോള്‍ അക്രമിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 23-ന് അര്‍ധരാത്രി പറക്കോട് കോട്ടമുകളിലുള്ള
ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന 110 കെ.വി. വൈദ്യുതി ലൈനിന്റെ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയ ആളാണ് രതീഷ്. ഒരു കുപ്പി പെട്രോളുമായിട്ടായിരുന്നു രതീഷ് അന്ന് ടവറിനു മുകളില്‍ കയറിയത്. ഇപ്പോള്‍ അക്രമത്തിനിരയായ യുവതിയെ കാണണമെന്നാവശ്യപ്പെട്ടാണ് രതീഷ് അന്നും ടവറിന് മുകളില്‍ കയറിയത്.
ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞിട്ടും ടവറില്‍ നിന്നും ഇറങ്ങാന്‍ രതീഷ് കൂട്ടാക്കിയിരുന്നില്ല. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം സുഹൃത്തായ യുവതിയെ പോലീസിന്റേയും പൊതു പ്രവര്‍ത്തകരുടേയും ശ്രമഫലമായി സ്ഥലത്ത് എത്തിച്ചു. ടവറില്‍ നിന്നും ഇറങ്ങാന്‍ യുവതി
ഫോണില്‍ കൂടി ആവശ്യപ്പെട്ടപ്പോള്‍ രതീഷ് താഴെയിറങ്ങാന്‍ തയാറായി. എന്നാല്‍, പാതി വഴി വന്ന് ഇയാള്‍ കുടുങ്ങി. പിന്നെ ഫയര്‍ഫോഴ്‌സ് നെറ്റിട്ടാണ് താഴെ എത്തിച്ചത്. അന്നും ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രതീഷിനെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…