കോന്നി: ഇളകൊള്ളൂര്‍ അതിരാത്രം 21 ന് ആരംഭിക്കും. ശ്രീമഹാദേവര് ക്ഷേത്രത്തില്‍ വച്ച് നടത്തപ്പെടുന്ന അതിരാത്രം മെയ് ഒന്നിനാണ് പൂര്‍ത്തിയാകുന്നത്. 2015 ല്‍ ഇതേ ക്ഷേത്രത്തില്‍ തന്നെയാണ് സോമയാഗം നടന്നത്. അതിരാത്രത്തിന്റെ ആദ്യത്തെ 6 ദിവസം സോമയാഗം തന്നെയാകും നടക്കുക. തുടര്‍ന്നാണ് രാത്രിയിലുള്‍പ്പടെ തടസ്സമില്ലാതെ അതിരാത്രം നടക്കുന്നത്.
അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണി അവസാന ഘട്ടത്തിലാണ്. ഇളകൊള്ളൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ പുറം മതിലിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടിലാണ് യജ്ഞശാലകള്‍ നിര്‍മിച്ചിരിക്കുന്നത്. ഭൂനിരപ്പില്‍ നിന്ന് രണ്ടടിയില്‍ കൂടുതല്‍ ഉയര്‍ത്തിക്കെട്ടിയ തറയിലാണ് യജ്ഞ ശാലകള്‍ പണിതിരിക്കുന്നത്. മേല്‍ക്കൂര ഓല കൊണ്ട് നിര്‍മിച്ചതാണ്. മൂന്നു ഭാഗങ്ങളായാണ് യജ്ഞ ശാലകള്‍ ഉള്ളത്. രണ്ടെണ്ണം ചരിഞ്ഞ കൂരകളാണ്. ഒരെണ്ണം പരന്ന മേല്‍ക്കൂരയോട് കൂടിയുള്ളതാണ്. യജ്ഞത്തിനായുള്ള സാധന സാമഗ്രികളുടെ സംഭരമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഉച്ചഭാഷിണികളുടെ വ്യന്യാസം നടന്നു കൊണ്ടിരിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കുള്ള കൗണ്ടറുകളും തയ്യാറാക്കുന്ന തിരക്കിലാണ് സംഘാടകര്‍.
മഹായാഗത്തില്‍ പങ്കെടുക്കുന്നതിനും വഴിപാടുകള്‍ കഴിക്കുന്നതിനും ഭക്തര്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാര്‍ച്ചന, കളത്ര മന്ത്രാര്‍ച്ചന, പ്രവര്‍ഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂര്‍ണ യാഗം എന്നിങ്ങനെ പൂജകള്‍ അരിപ്പിക്കാം.
അതിരാത്രത്തില്‍ 4 സ്തുതി ശാസ്ത്രങ്ങള്‍ (വേദ മന്ത്രങ്ങള്‍) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. 1000 ഋക്കുകള്‍ വരുമിത്. സൂര്യോദയത്തിനു മുന്‍പ് ഇത് അവസാനിച്ചാല്‍ സൂര്യോദയം വരെ ഇതാവര്‍ത്തിച്ചു കൊണ്ടിരിക്കും. പറവകളുടെ ശബ്ദം കേള്‍ക്കെ ഇവ ഉച്ചരിക്കുന്നു. സൂര്യന് ഉദിച്ചു കഴിഞ്ഞേ അവസാനത്തെ ശ്രുതി ജപിക്കുകയുള്ളുവെന്ന് വൈദികര്‍ പറയുന്നു.