
പത്തനംതിട്ട: ഇന്ന് മാത്രം പുറത്തു വരേണ്ട പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോര്‍ന്ന സംഭവത്തില്‍ കോന്നി താലൂക്ക് ഓഫീസിലെ എല്‍.ഡി. ക്ലാര്‍ക്ക് യദുകൃഷ്ണനെ ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പരാതി പ്രകാരം അന്വേഷണത്തിന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോന്നി മണ്ഡലം ഉപവരണാധികാരിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയതിന് ശേഷമാണ് യദുകൃഷ്ണനെ സസപെന്‍ഡ് ചെയ്തിരിക്കുന്നത്. യദുകൃഷ്ണന്‍ ജോലിയില്‍ കയറിയിട്ട് മൂന്നു മാസം കഴിയുന്നതേയുള്ളൂവെന്ന് പറയുന്നു.
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസര്‍മാരും അവര്‍ക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും സംബന്ധിച്ച പോസ്റ്റിങ് ഓര്‍ഡര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഓരോ ഉദ്യോഗസ്ഥനും തങ്ങള്‍ ഡ്യൂട്ടി ചെയ്യേണ്ടത് ഏത് പോളിങ് സ്‌റ്റേഷനിലാണ് എന്നറിയേണ്ടത്. ഓരോ പോളിങ് സ്‌റ്റേഷനിലേക്കും പോകേണ്ട പാര്‍ട്ടികള്‍ക്ക് കോഡ് നമ്പര്‍ കൊടുത്തിട്ടുണ്ട്. ഈ കോഡ് നമ്പരിലുള്ളവരെ ഏത് പോളിങ് സ്‌റ്റേഷനിലേക്കാണ് നിയോഗിച്ചിട്ടുള്ളതെന്നും അവര്‍ ഏത് കൗണ്ടറില്‍ നിന്നാണ് ഉപകരണങ്ങള്‍ ഏറ്റു വാങ്ങേണ്ടത് എന്നുമാണ് പുറത്തായ പട്ടികയിലുള്ളത്. പോസ്റ്റിങ് ഉത്തരവ് ചോര്‍ന്നത് അതീവ ഗൗരവകരമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടത് അനുകൂല യൂണിയനുകള്‍ ശ്രമിക്കുന്നുവെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. തന്ത്രപ്രധാനമായ തസ്തികകളില്‍ ജോയിന്റ് കൗണ്‍സിലിന്റെയും എന്‍.ജി.ഓ യൂണിയന്റെയും നേതാക്കളെയും സജീവ പ്രവര്‍ത്തകരെയും നിയമിച്ചത് ചൂണ്ടിക്കാട്ടി എന്‍.ജി.ഓ സംഘ് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയും എടുത്തില്ല. അതേ സമയം, വിതരണം നടക്കുന്ന കേന്ദ്രങ്ങളില്‍ പതിക്കുന്നതിന് വേണ്ടി പ്രിന്റ് ചെയ്യാന്‍ കൊടുത്ത വിവരങ്ങളാണ് പുറത്തായിരിക്കുന്നത് എന്നാണ് യദുകൃഷ്ണന്റെ വിശദീകരണം.
രണ്ട് ദിവസം മുന്‍പേ പോളിങ് ഉദ്യോഗസ്ഥരുടെ പോളിങ് സ്‌റ്റേഷനും മറ്റു വിശദാംശങ്ങള്‍ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോര്‍ന്നു എന്ന ആരോപണവുമായി പത്തനംതിട്ട പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. നടപടി ആവശ്യപ്പെട്ട് കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.