
അടൂര്‍: താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഒറ്റയോട്ടമായിരുന്നു, പോളിങ് ബൂത്തിലേക്ക്. ക്യൂ നിന്ന് മാലിനി വോട്ട് ചെയ്ത് പുറത്തിറങ്ങൂന്നതു വരെ നവവരന് പോളിങ് ബൂത്തിന്റെ വരാന്തയില്‍ കാത്തു നിന്നു. പിന്നെ വീണ്ടും കല്യാണ സ്ഥലത്തേക്ക് മടക്കം. അടൂര്‍ തോട്ടുവ ഗവണ്മെന്റ് എല്‍.എല്‍.പി സ്കൂളിലെ 132-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്യാന്‍ എത്തിയത്. വരന് ഏഴംകുളം നെടുമണ്‍ ഭക്തിവിലാസത്ത് സുധാകരനുമായി മാലിനിയുടെ വിവാഹം തോട്ടുവാ ഭരണിക്കാവ് ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് 12 നും 12.10 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു. വിവാഹം വളരെ നേരത്തെ നിശ്ചയിച്ചിരുന്നു. അതിന് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതൊരു അസുലഭ മുഹൂര്‍ത്തമാണെന്നാണ് സുധാകരന് പറഞ്ഞത്. താലി കെട്ടി വീട്ടില്‍ കയറുന്നതിന് മുന്‍പ് പോളിങ് ബൂത്തിലേക്ക് വലം കാല് വച്ചു ചെല്ലുകയായിരുന്നു മാലിനി. വോട്ട് ചെയ്ത ശേഷം ഇരുവരും സന്തോഷത്തോടെ മടങ്ങി.