
പത്തനംതിട്ട: റോമില്‍ മാത്രമല്ല, ഇങ്ങ് കൊച്ചു കേരളത്തില്‍ വകയാറിലുമുണ്ട്
ഒരു വത്തിക്കാന്‍ സിറ്റി! എങ്ങനെയാണ് ഈ പേര് വന്നതെന്ന് അറിയില്ല, പക്ഷെ ഈ വത്തിക്കാന്‍ സിറ്റി ശുചിത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകാ ഭൂമിയാണ്. പ്രമാടം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡായ വകയാറിലെ വത്തിക്കാന്‍ സിറ്റിയുടെ സൗന്ദര്യവല്‍ക്കരണം പുതുപ്പറമ്പില്‍ സുധീഷ് കുമാര്‍ എന്ന പ്രകൃതി സ്‌നേഹിയുടേതാണ്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് പൊതു ഇടം സൗന്ദര്യ വല്‍ക്കരിക്കാന്‍ സുധീഷ് കുമാറും ഇറങ്ങിയത്. നാട് ശുചീകരിക്കുന്നതിന് പുറമെ നാട്ടുകാരെ ആരോഗ്യ രംഗത്ത് സംരക്ഷിക്കുകയും പക്ഷി മൃഗാദികള്‍ക്ക് കൂട്ടാവുകയുമാണ് ഇദ്ദേഹം. വീടിനോട് ചേര്‍ന്ന രണ്ടര ഏക്കര്‍ റബര്‍ തോട്ടത്തില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് അദ്ദേഹം സാമൂഹിക പ്രവര്‍ത്തനം നടത്തുന്നത്. പക്ഷിമൃഗാദികള്‍ക്ക് താവളമാകുന്നതും ഈ വിശാലമായ തോട്ടമാണ്.
സുധീഷ് എപ്പോള്‍ വിളിച്ചാലും ഓടിയെത്തും 28 കാക്കകള്‍, ഇവര്‍ക്ക് പുറമേ
വിവിധയിനം കിളികള്‍ക്കും രോഗത്താലും മുറിവേറ്റും പിടയുന്ന തെരുവ് നായകള്‍ക്ക് ചികിത്സ നല്‍കി താവളം ഒരുക്കുകയും ചെയ്യും. ഇവയ്‌ക്കെല്ലാം പാലും പഴവും ഇതര പലഹാരങ്ങളും നല്‍കും. ഇതിനായി എപ്പോഴും ഒരു കരുതല്‍ സുധീഷിനുണ്ട്.
പുലര്‍ച്ചെ വത്തിക്കാന്‍ സിറ്റിയിലേക്കുള്ള പാത വൃത്തിയാക്കുന്നതോടെ ജോലികള്‍
ആരംഭിക്കും. പുലര്‍ച്ചെ മാത്രമല്ല റോഡില്‍ എപ്പോള്‍ ഒരു മാലിന്യം കണ്ടാലും അത്
അപ്പോള്‍ തന്നെ നീക്കും. വനംവകുപ്പില്‍ നിന്ന് വിരമിച്ച പിതാവ് പരേതനായ ദാമോദരന്റെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുധീഷ് സേവനം നടത്തുന്നത്. നാട്ടിലെ കാക്കകള്‍ പോലും സുധീഷിന്റെ വളര്‍ത്തുമൃഗങ്ങളുടെ പട്ടികയിലുണ്ട്. പക്ഷികള്‍ക്ക് കുടിക്കാനായി വീടിന്റെ പരിസരത്തും ചെടി തോട്ടത്തിലും പാത്രങ്ങളില്‍ വെള്ളം കരുതിയിരുന്നു. ഇതറിയാവുന്ന കിളികള്‍ ഇവിടെ പറന്നിറങ്ങി ദാഹം ശമിപ്പിക്കുന്നു. ഉപേക്ഷിക്കപ്പെട്ടതോ മുറിവേറ്റതോ ആയ മൃഗങ്ങളെ പരിപാലിക്കുന്നത് മുതല്‍ മാനസിക വെല്ലുവിളി നേരിടുന്നവരെയും സോറിയാസിസ് പോലുള്ള രോഗങ്ങളുള്ള സുധീഷ് സഹായിക്കുന്നു.
കായിക പ്രേമിയായ ഇദ്ദേഹം പ്രദേശത്തെ വിന്നേഴ്‌സ് ക്ലബ്ബിന്റെ വോളിബോള്‍
ക്യാപ്റ്റന്‍ കൂടിയായിരുന്നു. സ്വന്തം കാര്‍ 35,000 കിലോമീറ്ററിലധികം ഓടിച്ചത് ആവശ്യമുള്ള ആളുകളെ സഹായിക്കാന്‍ മാത്രമാണ്. കൂടുതലും പരുക്കേറ്റവരെയും ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെയും കൊണ്ടുപോയി. ഇത്തരത്തില്‍ മറ്റുള്ളവരും ചിന്തിച്ചാല്‍ ലോകമെങ്ങും വത്തിക്കാന്‍ സിറ്റിക്ക് സമമാകുമെന്നാണ് സുധീഷ് കുമാറിന്റെ അഭിപ്രായം.