
പത്തനംതിട്ട: മതിയായ സൗകര്യങ്ങളില്ലാതെയും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാതെയും ഉള്ള വിഐപി ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കാന്‍ കെജിഎംഓഎ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട നിവേദനം ജില്ലാകലക്ടര്‍,ഡി എം ഒ എന്നിവര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറി.
വേണ്ടത്ര വാഹനസൗകര്യമോ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയോ താമസം, ഭക്ഷണം തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാതെയൊ ഉള്ള ഇത്തരം ചുമതലകള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വി.ഐ.പി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോള്‍ അനുവദിക്കപ്പെടുന്ന ആംബുലന്‍സ് പലപ്പോഴും മതിയായ സൗകര്യമുള്ളതോ സുരക്ഷിതമോ ഇല്ലാത്തതാണ്. വിഐപികളെ വളരെയധികം നേരം കാത്തു
കിടക്കേണ്ട അവസ്ഥയാണുള്ളത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നേരിടേണ്ടി വരുന്നത്.
ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരവുകള്‍ ഉണ്ടായിരിക്കെ ഡോക്ടര്‍മാര്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് നിവേദനത്തില്‍ പറഞ്ഞു. ഹെല്‍ത്ത് സെന്റര്‍ മുതല്‍ താലൂക്ക് ജില്ലാ ആശുപത്രികളിലെ ഡോക്ടര്‍മാരെ വി.ഐ.പി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോള്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും രോഗികളുടെ ചികിത്സക്ക് വരെ പ്രയാസം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ജില്ലാ പ്രസിഡന്റ് ഡോ. ജീവന്‍ കെ.നായര്‍: സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.ആശിഷ് മോഹന്‍കുമാര്‍, ഡോ: പ്രവീണ്‍ കുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്.