അടൂര്‍: കൊടുംചൂടില്‍ നാട് വെന്തുരുകുമ്പോള്‍ ദാഹജലം കിട്ടാതെ വലയുന്ന പക്ഷികള്‍ക്ക് സ്‌നേഹജലം പകര്‍ന്ന് നല്‍കുകയാണ് വി.കെ സ്റ്റാന്‍ലി ആനന്ദപ്പള്ളി എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍. ഉരുകിയൊലിക്കുന്ന വേനല്‍ ചൂടില്‍ അതിജീവനത്തിന്റെ പ്രാണജലം തേടി അലയുന്ന പക്ഷിക്കൂട്ടങ്ങളിലേക്കാണ് ഈ മനുഷ്യന്‍ കരുതലുമായി എത്തുന്നത്. ഗാന്ധി സ്മൃതി മൈതാനത്താണ് സ്റ്റാന്‍ലി മണ്‍പാത്രത്തില്‍ ജീവജലം നിറയ്ക്കുന്നത്.
ഇവിടേക്ക് കാക്കയും കുരുവിയും മൈനയും എല്ലാം ആര്‍ത്തിയോടെ പറന്നിറങ്ങി ദാഹം തീര്‍ക്കുന്നു. കുളിര്‍മയുടെ തലപ്പൊക്കം ചാര്‍ത്തി ഗാന്ധി സ്മൃതി മൈതാനിയില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മഴമരങ്ങളില്‍ നിരവധി പക്ഷികളാണ് തങ്ങുന്നത്. ഇവയെല്ലാം ഇവിടെ വച്ചിരിക്കുന്ന വെള്ളമാണ് കുടിക്കുന്നത്. പക്ഷികള്‍ തലങ്ങും വിലങ്ങും പറന്ന് താഴെ വീണ് മരിക്കുന്നത് കണ്ട സ്റ്റാന്‍ലി പക്ഷി നിരീക്ഷകരെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.
വെള്ളം കിട്ടാതെ ഇനിയും ഒരു പക്ഷിയും കൂടൊഴിയാന്‍ പാടില്ലെന്ന നിശ്ചയ
ദാര്‍ഢ്യത്തോടെയാണ് നഗരഹൃദയത്തിലുള്ള ഗാന്ധി സ്മൃതി മൈതാനിയില്‍ മണ്‍കുടത്തില്‍ വെള്ളം വയ്ക്കാന്‍ തുടങ്ങിയത്. എല്ലാ ദിവസവും ഉച്ചയ്ക്ക് എത്തി കാലിയായ മണ്‍കുടത്തില്‍ വീണ്ടും വെള്ളം നിറച്ചുവയ്ക്കും. പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത് എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ട്.