കൊല്ലം: പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ തട്ടിപ്പ് കേസിലെ പ്രതിയെ ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ ബാവാ എന്ന ലേബലില്‍ അവതരിപ്പിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ബിജെപിയില്‍ അവസാനിക്കുന്നില്ല.
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വില്പന നടത്തിയ കേസില്‍ അറസ്റ്റിലായ കൊല്ലം കടപ്പാക്കട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം താമസിക്കുന്ന ജെയിംസ് ജോര്‍ജിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ എന്ന പേരില്‍ അവതരിപ്പിച്ചത് സഭ വിശ്വാസികളില്‍ അമര്‍ഷത്തിന് ഇടയാക്കിയെന്ന നിലപാടിലാണ് ജില്ലാ ഘടകത്തിലെ ഒരു വിഭാഗം.
യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സിപിഎം യാക്കോബായ വിഭാഗത്തിനൊപ്പം നിന്നപ്പോള്‍ ബിജെപി ഓര്‍ത്തഡോക്‌സ്
വിഭാഗത്തിനൊപ്പമായിരുന്നു. പിന്നാലെ കേന്ദ്ര നേതാക്കളും ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ദേവലോകത്തെ ആസ്ഥാനത്ത് എത്തി കാതോലിക്കാ ബാവായുമായും മറ്റ് മെത്രാന്മാരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.സഭാ തര്‍ക്കവിഷയത്തില്‍ തങ്ങള്‍ക്കൊപ്പം നിന്ന ബിജെപിയെ പിന്തുണച്ച് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലിത്ത പരസ്യമായി രംഗത്ത് വന്നിരുന്നു.
പിന്നാലെ ചില വൈദികരും യുവാക്കളും ബിജെപിയില്‍ അംഗത്വവും എടുത്തു. എന്നാല്‍ ജെയിംസ് ജോര്‍ജിനെ അവരുടെ കാതോലിക്കാ ബാവയായി അവതരിപ്പിച്ചതോടെ ബിജെപിയോട് അനുഭാവം പുലര്‍ത്തിയിരുന്നവര്‍ പോലും വോട്ട് ചെയ്തില്ലെന്ന നിഗമനത്തിലാണ് ഒരു വിഭാഗം. വോട്ടെടുപ്പിന് ശേഷം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. വിജയിക്കാനായില്ലെങ്കിലും വോട്ടു നില ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. വിചാരിച്ചതുപോലെ ഓര്‍ത്തഡോക്‌സ് സഭാ വോട്ടുകള്‍ ലഭിച്ചില്ല.ഇതിന് കാരണം വ്യാജ കാതോലിക്കായെ അവതരിപ്പിച്ചതാണ്.
തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിട്ടും ജെയിംസ് ജോര്‍ജിനെ പങ്കെടുപ്പിച്ചത് ചില നേതാക്കളുടെ അറിവോടു കൂടിയാണെന്നാണ് ആരോപണം. എന്നാല്‍ ആരും ക്ഷണിക്കാതെയാണ് ഇയാള്‍ കാതോലിക്ക ബാവയുടെ വേഷത്തില്‍ എത്തിയതെന്നാണ് ഇലക്ഷന്‍ കമ്മറ്റിയുടെ ചുമതല വഹിച്ച നേതാക്കളുടെ വാദം. ക്ഷണിക്കാതെ എത്തിയതാണെങ്കില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം മുന്‍നിരയില്‍ എങ്ങനെ ഇയാള്‍ക്ക് അവസരം ലഭിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. ടൗണില്‍ തന്നെയുള്ള നേതാക്കള്‍ക്ക് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നിട്ടും മുന്‍നിരയില്‍ എത്തിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും എല്‍.ഡി.എഫും യുഡിഎഫും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.ഇതും ക്രൈസ്തവ വോട്ടുകള്‍ നേടുന്നതിന് തടസമായി. തട്ടിപ്പിലൂടെ ജയിംസ് ജോര്‍ജ് സമ്പാദിച്ച സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപെടുത്താമെന്ന് ബിജെപിക്കാര്‍ വാഗ്ദാനം ചെയ്തതിനാലാണ് വേഷം കെട്ടിച്ച് ജയിംസിനെ ഇറക്കിയതെന്നാണ് പ്രചാരണം നടക്കുന്നത്. ഇത് മുന്നണിക്കും ബിജെപിക്കും വളരെ നാണക്കേട് ഉണ്ടാക്കി. ബിജെപിക്കാര്‍ ക്ഷണിച്ചപ്രകാരമാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ജെയിംസ് ജോര്‍ജ് അവകാശപ്പെടുന്നത്.
ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്ന പരാതിയില്‍ 2015 ലാണ് കൊല്ലം ഈസ്റ്റ് പൊലീസ് ജെയിംസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ നല്‍കിയിരുന്നു. ക്ലാസുകളൊന്നും നടത്താതെ തന്നെ ഇവരുടെ സ്വന്തം സ്ഥാപനത്തിന്റെ പേരിലുള്ള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും പ്രതികള്‍ വില്‍പന നടത്തി.
തട്ടിപ്പിലൂടെ നേടിയ കള്ളപ്പണം വെളുപ്പിക്കാനായി വിവിധ ജില്ലകളില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതിന്റെ തെളിവു ലഭിച്ചതോടെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണു സ്വത്തുകള്‍ കണ്ടുകെട്ടിയത്.