തേനി (തമിഴ്‌നാട്): വനിതാ പൊലീസുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യൂബ് ചാനലായ സാവുക്ക് ഉടമ എ. ശങ്കര്‍ എന്ന സാവുക്ക് ശങ്കറിനെ കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ഇയാളുമായി പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടു പോലീസുകാര്‍ക്കും ശങ്കറിനും പരുക്കേറ്റു.
അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ‘അശ്ലീല’ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.അറസ്റ്റ് ഭയന്ന് സാവുക് ശങ്കര്‍ ഒളിവില്‍ പോയി. ഇയാള്‍ തേനിയില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ തേനിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 294(ബി), 509, 353 ഐപിസി ആര്‍/ഡബ്ല്യു സെക്ഷന്‍ 4, ഐടി ആക്ട് 2000 ലെ സെക്ഷന്‍ 67 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്.
അതിനിടെ അറസ്റ്റിലായ ശങ്കറിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരത്തിന് സമീപം പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു.പരിക്കേറ്റ സവുക്ക് ശങ്കറിനേയും രണ്ട് പൊലീസുകാരേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.