പത്തനംതിട്ട: മിക്‌സചര്‍ വാങ്ങാന്‍ പതിനേഴുകാരനെയും കൂട്ടി പോകുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് അപകടം. ഗുരുതര പരുക്കേറ്റ് റോഡില്‍ വീണു കിടന്ന സഹയാത്രികനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരന്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കാല പ്ലാംകൂട്ടത്തതില്‍ മുരുപ്പേല്‍ രാജേഷ്-സുമ ദമ്പതികളുൃടെ മകന്‍ സുധീഷ് ആണ് മരിച്ചത്. പത്തനംതിട്ട കുലശേഖരപതി ബീവാത്തുമ്മ പുരയിടത്തില്‍ സഹദിനെ(23)യാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഒമ്പതേകാലോടെയാണ് സംഭവം. സുധീഷ് അനശ്വര സൗണ്ട്‌സില്‍ ജോലി ചെയ്യുകയാണ്. രാത്രി സുധീഷിന്റെ വീട്ടില്‍ എത്തിയതാണ് സഹദ്. മിക്‌സ്ചര്‍ വാങ്ങി വരാമെന്ന് പറഞ്ഞ് സുധീഷിനെയം കൂട്ടി സഹദ് ഇയാള്‍ വന്ന ബൈക്കില്‍ കോഴഞ്ചേരിയിലേക്ക് പോകുമ്പോള്‍ തുണ്ടഴം ജങ്ഷനില്‍ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കില്‍ നിന്ന് റോഡിലേക്ക് തലയിടിച്ച് തെറിച്ചു വീണ സുധീഷിന് ഗുരുതരമായി പരുക്കേറ്റു. ഈ സമയം സഹദ് മറിഞ്ഞു കിടന്ന ബൈക്കുമെടുത്ത് വന്ന വഴിയേ തള്ളിക്കൊണ്ടു തിരിച്ചു പോകാന്‍ ശ്രമിച്ചു. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി തടഞ്ഞു വയ്ക്കുകയും ആറന്മുള പൊലീസിന് കൈമാറുകയുമായിരുന്നു. 108 ആംബുലന്‍സ് വിളിച്ച് സുധീഷിനെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം കോഴഞ്ചേരി ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.