പന്തളം: വീടു കയറി കുടുംബാംഗങ്ങളെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ അച്ഛനും മക്കളും ഉള്‍പ്പെടെ ആറു പേരെ പോലീസ് തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടി.
കുളനട ഉളനാട് കരിമല കോഴിമല പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്‍ (55), മക്കളായ ബിബിന്‍ (32), സിബിന്‍(29), അയല്‍വാസിയും സുഹൃത്തുക്കളുമായ ഉളനാട് ബിനു ഡാനിയല്‍ (42), കരിമല വല്യയ്യത്ത് ഉമേഷ് കുമാര്‍ (32), ചിഞ്ചു ഭവനില്‍,സഞ്ജു (22) എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. നിരവധി അടിപിടി കേസുകളില്‍ പ്രതികളായ സംഘം കഴിഞ്ഞ മാസം 15 ന് കുളനട പാണില്‍ ചൂടുകാട്ടില്‍ വല്യത്തകിഴക്കേതില്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ ആക്രമിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു.
തമിഴ്‌നാട്ടിലെ വിവിധ ലോഡ്ജുകളില്‍ മാറിമാറി താമസിച്ച സംഘത്തെ പിടികൂടാന്‍ പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. കന്യാകുമാരിയില്‍ ഒളിവിലായിരുന്ന പ്രതികളെയാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം അടൂര്‍ ഡിവൈ.എസ്.പി ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ ബി. അനില്‍കുമാര്‍, പോലീസുദ്യോഗസ്ഥരായ എസ്. അന്‍വര്‍ഷ, വിഷ്ണുനാഥ് എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പ്രതികളെ പിടികൂടിയത്.