തേനി (തമിഴ്‌നാട്): വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യൂബറായ സവുക്കു ശങ്കര്‍ എന്ന അച്ചിമുത്തു ശങ്കര്‍ അഴിമതിക്കാരുടെ പേടി സ്വപ്നം. തമിഴ്‌നാട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിലെ മുന്‍ നീയമ വിഭാഗത്തിലെ ക്ലാര്‍ക്കായിരുന്ന അദ്ദേഹം രാജ്യത്തെ പിടിച്ചു കുലുക്കിയ പല അഴിമതിക്കഥകളും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. 2 ജി സ്‌പെക്ട്രം കേസാണ് ഇതില്‍ പ്രധാനം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ മുന്‍ നിര്‍ത്തിയായിരുന്നു രേഖകള്‍ പുറത്തുവിട്ടത്.
2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഡിഎംകെയുടെ രാജ്യ സഭ അംഗമായ കനിമൊഴിയും ഇന്റലിജന്‍സ് മേധാവി ജാഫര്‍ സെയ്തും കരുണാനിധിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവിയുടെ മുന്‍ ഡയറക്ടര്‍ ശരദ് കുമാര്‍ റെഡ്ഡിയും തമ്മിലുള്ള സംഭാഷണത്തിന്റെ നാല് ടേപ്പുകള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതോടെയാണ് ശങ്കര്‍ ശ്രദ്ധേയനാകുന്നത്. സംഭാഷണത്തിന്റെ ആധികാരികത കനിമൊഴിയോ ഡിഎംകെയോ ഇതുവരെ നിഷേധിച്ചിട്ടില്ല.
2015 ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള ജസ്റ്റിസ് സിആര്‍ കുമാരസാമിയുടെ വിധിയിലെ കണക്കിലെ പിഴവുകള്‍ ആദ്യമായി പുറത്തുകൊണ്ടു വന്നതും ശങ്കറിന്റെ പോര്‍ട്ടലായിരുന്നു. എല്‍ടിടിഇ തലവനായ വേലുപ്പിള്ള പ്രഭാകരന്റെ ആരാധകനാണ് ശങ്കര്‍. ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ ഹെഡറിന്റെ ഒരു വശത്ത് പ്രഭാകരന്റെ ചിത്രവും മറുവശത്ത് ചാട്ടവാറുമായി കൗബോയിയുടെ ചിത്രവുമാണ്. ഇദ്ദേഹത്തെ തമിഴിലെ ജൂലിയന്‍ അസാന്‍ജ് എന്നാണ് അറിയപ്പെടുന്നത്.
അതിനിടെ വനിതാ കോണ്‍സ്റ്റബിള്‍മാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ചവ്കു ശങ്കറിനെ 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ തേനിയിലെ ഹോട്ടലില്‍ നിന്നാണ്
ഇയാളെ കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതെ സമയം കഞ്ചാവ് കൈവശം വച്ചതിന് ശങ്കറിനെതിരെ പഴനിസെട്ടിപ്പെട്ടി പൊലീസ് കേസെടുത്തു.
ശങ്കറിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്തപ്പോള്‍ വാഹനത്തില്‍ കഞ്ചാവ് സൂക്ഷിച്ചതായി ഇവര്‍ സമ്മതിച്ചു. വാഹനത്തില്‍ നിന്നും അരകിലോ കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. എന്നാല്‍, സര്‍ക്കാരിനും പൊലീസിനും തലവേദനയായ ശങ്കറിനെതിരായ കേസിന്റെ ബലം കൂട്ടുന്നതിന് വേണ്ടി കഞ്ചാവ് കൊണ്ടു വച്ചതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.