തേനി: വനിത പൊലീസുകാരെ സാമൂഹ്യ മാധ്യമങ്ങളിലൂലെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ പ്രമുഖ തമിഴ് യൂട്യൂബറും അഴിമതി വിരുദ്ധ പോരാളിയുമായ സവുക് ശങ്കര്‍ റിമാന്റിലായതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സഹായികളെയും കഞ്ചാവ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ശങ്കറിന്റെ ഡ്രൈവര്‍ രാം പ്രഭു (24), സഹായി രാജരത്‌നം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശങ്കറിനെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ പഴനി സെട്ടിപ്പട്ടിയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവരുടെ വാഹനത്തില്‍ നിന്ന് അര കിലോ കഞ്ചാവ് കണ്ടെത്തിയെന്ന് പൊലീസ് പറയുന്നത്. എന്നാല്‍ ശങ്കറിന് എതിരായ കേസിന് ബലം കൂട്ടാന്‍ വച്ച് പിടിപ്പിച്ചതാണെന്ന ആരോപണവും ശക്തമാണ്.
അപകീര്‍ത്തി കേസില്‍ കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസ് സവുക് ചന്ദ്രനെ അറസ്റ്റ് ചെയ്തത്. തേനിക്കടുത്ത് പൂത്തിപ്പുറം റോഡിലെ ഹോട്ടലില്‍ നിന്നാണ് സവുക് ശങ്കറിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.