കോയമ്പത്തൂര്‍ (തമിഴ്‌നാട്): വനിതാ പൊലീസുകാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രമുഖ തമിഴ് യൂട്യൂബര്‍ സവുക്കു ശങ്കറിന് ജയിലില്‍ മര്‍ദ്ദനമേറ്റു. പൊലീസുകാരാണ് ആക്രമിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചപ്പോള്‍ ശങ്കറിന് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല.
ശനിയാഴ്ച രാത്രി പത്തിലധികം പൊലീസുകാര്‍ ചേര്‍ന്ന് തുണിയില്‍ പൊതിഞ്ഞ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ശങ്കറിന് ഗുരുതരമായി പരിക്കേറ്റു. വലത് കൈക്ക് പൊട്ടലുണ്ട്. പകപോക്കലിന്റെ ഭാഗമായി പൊലീസ് യൂട്യൂബറെ പീഡിപ്പിക്കുകയായിരുന്നുവെന്ന് സവുക് ശങ്കറിന്റെ അഭിഭാഷകന്‍ എസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജയിലില്‍ ശങ്കര്‍ സുരക്ഷിതനല്ല. വിഷയത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു. ശങ്കറിന്റെ ശാരീരികാവസ്ഥ വിലയിരുത്താന്‍ ജയിലില്‍ നേരിട്ട് സന്ദര്‍ശിക്കണമെന്നാണ് ആവശ്യം.
അതെ സമയം വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ശങ്കറിനെതിരെ സേലം സൈബര്‍ ക്രൈം പൊലീസും കേസെടുത്തു. സേലം സിറ്റി സോഷ്യല്‍ മീഡിയ വിഭാഗം വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ജി. ഗീതയുടെ പരാതിയിലാണ് കോസെടുത്തത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 294 (ബി), 353, 509 തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമവും 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ആക്ട് സെക്ഷന്‍ 67 എന്നീ വകുപ്പ് പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ശങ്കറിനും കൂട്ടാളികള്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുത്തുവെന്നാരോപിച്ച് രാമനാഥപുരം ജില്ലയിലെ കമുദിയില്‍ നിന്ന് മഹേന്ദ്രന്‍ എന്നയാളെ തേനി ജില്ലാ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
ചിത്രം: കഞ്ചാവ് കേസ് പ്രതി മഹേന്ദ്രന്‍