പത്തനംതിട്ട: മാരാമണില്‍ റിസോര്‍ട്ട് ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് യുവാക്കളെ മുന്‍വിരോധം കാരണം ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി പുലൂര്‍ വീട്ടില്‍ നിന്നും വരയന്നൂര്‍ സാബുവിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന എബി അല്‍ഫോണ്‍സ് (30), ചിറയിറമ്പ് മേച്ചിറ എന്ന സ്ഥലത്ത് മേച്ചിറയില്‍ വീട്ടില്‍ ഷെറിന്‍ ജോയ് (34), കുറിയന്നൂര്‍ കുഴിമണ്ണില്‍ സെബാന്‍ എന്നുവിളിക്കുന്ന സെബാസ്റ്റിയന്‍ (34) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി ഏഴിന് ബാറിന്റെ പാര്‍ക്കിങ് സ്ഥലത്തുവച്ചാണ് സംഭവം. സുഹൃത്തുക്കളായ നാരങ്ങാനം നോര്‍ത്ത് അഞ്ചുതോട് കുഴിത്തടത്തില്‍ അരുണ്‍ (25), റോഷന്‍, അനൂപ് എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനം ഏറ്റത്. റോഷനെയും അനൂപിനെയും ഉപദ്രവിക്കുന്നത് കണ്ട് തടസം പിടിച്ചപ്പോഴാണ് അരുണിനെ സൈക്കിള്‍ ചെയിനും സോഡാ കുപ്പിയും കൊണ്ട് പ്രതികള്‍ ആക്രമിച്ചത്. ഇരുതോളുകളിലും മുതുകിലും സൈക്കിള്‍ ചെയിന്‍ കൊണ്ട് തുരുതുരാ അടിക്കുകയും, സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുകയുമായിരുന്നു. മൂവരെയും തല്ലിച്ചതച്ച അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി ഇവര്‍ കാറില്‍ കയറിയപ്പോള്‍ കണ്ണാടി പ്രതികള്‍ അടിച്ചുപൊട്ടിച്ചു. അരുണിന്റെ തലയ്ക്കും വലതുകൈ വിരലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റു. തുടര്‍ന്ന് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം ആരംഭിച്ച പോലീസ് പ്രതികളെ ഉടനടി പിടികൂടുകയായിരുന്നു.
പ്രതികളുടെ ശരീരത്തും പരുക്കുപറ്റിയ പാടുകള്‍ കണ്ടെത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പ്രതികള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച മാരകായുധങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. എസ്.ഐ മുഹ്‌സിന്‍ മുഹമ്മദ്, സി.പി.ഓമാരായ ശ്രീജിത്ത്, ശശികാന്ത്, വിപിന്‍ രാജ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.