ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി: യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

0 second read
Comments Off on ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി: യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
0

അടൂര്‍: ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍. ഏഴംകുളം മണപ്പുറം ഗോള്‍ഡ് ലോണ്‍ എന്ന ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ തട്ടിയെടുത്ത വയല അറുകാലിക്കല്‍ വെസ്റ്റ് മാളിക കിഴക്കേതില്‍ വീട്ടില്‍ സാജ(32)നെയാണ് പോലീസ് പിടികൂടിയത്.

ഏപ്രില്‍ അവസാന ആഴ്ചയാണ് പ്രതി മുക്കുപണ്ടം പണയം വെച്ച് പണം കൈപ്പറ്റിയത്. സ്ഥാപനത്തിന് സമീപം താമസിക്കുന്ന ഇയാള്‍ ജീവനക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, ആശുപത്രിയിലെ ചികിത്സാ ആവശ്യത്തിലേക്കെന്നു പറഞ്ഞ് സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് 916 മുദ്ര പതിപ്പിച്ച മുക്കുപണ്ടം നല്‍കുകയായിരുന്നു. പണം കൈപ്പറ്റി ഇയാള്‍ പോയ ശേഷം, സംശയം തോന്നിയ ജീവനക്കാര്‍ ഉരച്ചു നോക്കിയപ്പോള്‍ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് മനസ്സിലാക്കിയപ്പോള്‍ ഇയാള്‍ മുങ്ങി. കോട്ടയത്ത് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ സമാനരീതിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വര്‍ണം പണയം വെച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട്.

പ്രതിയുടെ പേരില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മോഷണം, വധശ്രമം, അടിപിടി, തീവയ്പ് അടക്കം പത്തിലധികം കേസുകള്‍ നിലവിലുണ്ട്. യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങളെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ ആണ് ഇത്തരം ആളുകള്‍ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളില്‍ ഇത്തരം സ്വര്‍ണങ്ങളുടെ പരിശുദ്ധി പരിശോധിക്കാന്‍ സംവിധാനം ഇല്ലാത്തതും പ്രതികള്‍ക്ക് അനുകൂല ഘടകമാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം അടൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചൂരക്കോട്, അന്തിച്ചിറ മേഖലകളിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ്, എസ്.ഐ എം പ്രശാന്ത്, എസ്.സി.പി.ഓമാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന അനേ്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അനേ്വഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…