കൊടുക്കാം പമ്പ പൊലീസിനൊരു സല്യൂട്ട്: ഉള്‍വനത്തില്‍ മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം അഞ്ചു കിലോമീറ്റര്‍ ചുമന്ന് പുറംലോകത്ത് എത്തിച്ചു

0 second read
Comments Off on കൊടുക്കാം പമ്പ പൊലീസിനൊരു സല്യൂട്ട്: ഉള്‍വനത്തില്‍ മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം അഞ്ചു കിലോമീറ്റര്‍ ചുമന്ന് പുറംലോകത്ത് എത്തിച്ചു
0

പത്തനംതിട്ട: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം പോയ രോഗിയായ യുവതി ഉള്‍വനത്തില്‍ വച്ച് മരിച്ചു. വിവരമറിയിക്കാന്‍ നാട്ടിലേക്ക് പുറപ്പെട്ട ഭര്‍ത്താവിന്റെ വഴി മൂന്നു മണിക്കൂറോളം ആനക്കൂട്ടം തടഞ്ഞു. ഒടുവില്‍ മൃതദേഹം കമ്പുകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ തുണി മഞ്ചലില്‍ ചുമന്ന് പോലീസുകാര്‍ കാടിന് വെളിയില്‍ എത്തിച്ചു.

പത്തനംതിട്ട ളാഹ ആനത്തോട് കോളനിയില്‍ പൊടിമോന്റെ ഭാര്യ ജോനമ്മ (22) ആണ് ഇന്നലെ രാവിലെ 10 മണിക്ക് കുഴഞ്ഞുവീണു മരിച്ചത്. കഴിഞ്ഞ രണ്ടിനാണ് പൊടിമോനും ജോനമ്മയും പൊടിമോന്റെ അമ്മയും മറ്റു ബന്ധുക്കളും കുട്ടികളും അടങ്ങിയ സംഘം ളാഹ കോളനിയില്‍ നിന്ന് യാത്ര തിരിച്ചത്. വാസനപ്പൂവ്, കുന്തിരിക്കം തുടങ്ങിയ വിഭവങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.

ചാലക്കയത്ത് നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ സംഘം തങ്ങി. ജോനമ്മ രക്തക്കുറവിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസമായി മരുന്ന് തീര്‍ന്നതിനാല്‍ കഴിക്കാന്‍ കഴിഞ്ഞില്ല. വനത്തിനുള്ളില്‍ കഴിയവേ, ഇന്നലെ രാവിലെ വയറുവേദന ഉണ്ടാവുകയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ പുറത്തേക്ക് നടക്കുമ്പോള്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം കുടിച്ചയുടനെ കുഴഞ്ഞു
വീഴുകയും അല്പസമയത്തിനകം മരിക്കുകയുമായിരുന്നു.

വിവരം എസ് സി എസ് ടി പ്രൊമോട്ടറെയും പോലീസിനെയും അറിയിക്കാനായി പൊടിമോന്‍ ചാലക്കയത്തേക്ക് തിരിച്ചെങ്കിലും വഴിയില്‍ കാട്ടാനകളുടെ സാമീപ്യമുണ്ടായതിനാല്‍ മൂന്നു മണിക്കൂറോളം ഒളിച്ചു
കഴിയേണ്ടിവന്നു. ആനകള്‍ മാറിയെന്നു ഉറപ്പാക്കിയശേഷം ചാലക്കയത്തെത്തി പ്രോമോട്ടറെ വിളച്ചറിയിച്ചു. വിവരമറിഞ്ഞ പമ്പ പോലീസ്, എസ് എച്ച് ഓ ജി എസ് ശ്യാംജിയുടെ നേതൃത്വത്തില്‍ വനത്തിലേക്ക് തിരിക്കുകയായിരുന്നു. പൊടിമോനും ജോനമ്മയും നിയമപരമായി വിവാഹിതരല്ല. രണ്ടുവര്‍ഷമായി ഒരുമിച്ചു താമസിച്ചുവരികയാണ്.

തുണിക്കുള്ളില്‍ പൊതിഞ്ഞ ജോനമ്മയുടെ മൃതദേഹം കാട്ടുകമ്പില്‍ തുണികെട്ടി അതിനുള്ളിലായാണ് പോലീസ് ഉദ്യോഗസ്ഥര്‍ 5 കിലോമീറ്റര്‍ കാട്ടിനുള്ളില്‍ കടന്നു ചുമന്നു പുറത്തെത്തിച്ചത്. ദുര്‍ഘടമായ വനപാതകളും കാട്ടരുവികളും കടന്ന് ഏതാണ്ട് 5 മണിക്കൂറോളം സമയമെടുത്തു പോയിവരാന്‍. എസ് ഐ ജെ രാജന്‍, ഗ്രേഡ് എസ് ഐ കെ വി സജി, എസ് സി പി ഓമാരായ സാംസണ്‍ പീറ്റര്‍, നിവാസ്, സിപിഓ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയുടെ മൃതശരീരം ഇത്രയും ദൂരം തോളില്‍ ചുമന്നത്. പിന്നീട്, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കായി ചെങ്ങന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…