
തിരുവല്ല: അമേരിക്കയിലെ ഡാളസില്‍ അപകടത്തില്‍ മരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോര് അത്താനാസിയോസ് യോഹാന്‍ പ്രഥമന്റെ ഭൗതിക ശരീരം സഭാ ആസ്ഥാനമായ കുറ്റപ്പുഴയിലെത്തിച്ച് ശുശ്രൂഷകള്‍ നടത്തും. ഇന്ന് രാത്രി ചേര്‍ന്ന എപ്പിസ്കോപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.
മെത്രാപ്പോലീത്തയുടെ ഭൗതികശരീരം നിയമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 10 ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. സംസ്കാരത്തീയതി വെളളിയാഴ്ച അറിയാന്‍ കഴിയും. അമേരിക്കയില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമയം വേണം.
സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പുതിയ മെത്രാപ്പോലീത്തയെ അവരോധിക്കുന്നത് വരെ സഭയുടെ ഭരണപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒമ്പതംഗ എപ്പിസ്കോപ്പല്‍ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സഭാ വക്താവ് പറഞ്ഞു. ചെന്നൈ അതിഭദ്രാസനാധിപന്‍ സാമുവല്‍ മോര് തെയോഫിലോസ് മെത്രാപ്പോലീത്തയായിരിക്കും ഈ സംഘത്തെ നയിക്കുക.
യോഗത്തില്‍ ഇന്ത്യയിലെ എപ്പിസ്കോപ്പമാര്‍ സഭാ ആസ്ഥാനത്ത് നിന്നും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും നിന്നുമുള്ള എപ്പിസ്കോപ്പമാര്‍ ഓണ്‍ലൈനായും പങ്കെടുത്തു.