
കോയിപ്രം: സ്വന്തം ഓട്ടോറിക്ഷയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവര്‍ പോലീസിന്റെ പിടിയിലായി. ഇയാളില്‍ നിന്നും വിദേശമദ്യവും വില്‍പ്പന നടത്തിക്കിട്ടിയ പണവും പിടികൂടി. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
പുല്ലാട് കുറവന്‍കുഴി വള്ളിപ്പറമ്പില്‍ വി ആര്‍ സുതനാ(49) ആണ് അറസ്റ്റിലായത്. ഇന്നലെ സന്ധ്യയോടെ ആത്മാവുകവലക്ക് സമീപത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത്, ആളുകള്‍ക്ക് മദ്യം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കവേയാണ് ഇയാള്‍ പിടിയിലായത്. മൂന്ന് കുപ്പികളിലായി ഒന്നര ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
എസ് ഐ മുഹ്‌സിന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പോലീസ് സംഘത്തില്‍ എസ് സി പി ഓ അഭിലാഷ്, സി പി ഓമാരായ സുരേഷ്, പരശുറാം എന്നിവരാണ് ഉണ്ടായിരുന്നത്.
ഓട്ടോയുടെ പിന്നിലെ പ്ലാറ്റ്‌ഫോമില്‍ നിന്നും വെള്ളക്കുപ്പിയും ഗ്ലാസും കണ്ടെടുത്തു. മൂന്ന് കുപ്പികളില്‍ രണ്ടെണ്ണം സീറ്റിന് പിന്നിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. വില്പനക്കായി സൂക്ഷിച്ചതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പണം കൊടുത്തു മദ്യം വാങ്ങിക്കുടിക്കാന്‍ എത്തിയതാണെന്ന് പിന്‍സീറ്റിലിരുന്നവരും വെളിപ്പെടുത്തി. തുടര്‍ന്ന് സുതനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പോക്കറ്റില്‍ നിന്നും മദ്യക്കച്ചവടം നടത്തിക്കിട്ടിയ 3570 രൂപയും കണ്ടെടുത്തു. സാമ്പിളുകള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം സ്‌റ്റേഷനിലെത്തിച്ച പ്രതിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.