ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച കെജ്രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
പാര്‍ട്ടിയുടെ നാലു മുതിര്‍ന്ന നേതാക്കളെയാണ് ജയിലിലടച്ചത്. ലോകത്തെ ഏറ്റവും വലിയ കള്ളന്മാര്‍ ബി.ജെ.പിയിലാണുള്ളത്. അഴിമതിക്കാരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേസ് ഒഴിവാക്കുകയാണ്. അഴിമതിക്കെതിരെ പോരാടുന്നവര്‍ എന്നെ കണ്ടു പഠിക്കണം. മോദിയുടെ ലക്ഷ്യം ഒരു രാജ്യം ഒരു നേതാവ് എന്നതാണ്. രാജ്യത്തെ ജനങ്ങള്‍ വിഡ്ഢികളെന്നാണ് കരുതുന്നത്. മോദിയെ എതിര്‍ക്കുന്നവരെയെല്ലാം ജയിലിലാക്കും. രാജ്യത്തെ ഏകാധിപത്യത്തില്‍നിന്ന് രക്ഷിക്കണം. ജൂണ്‍ നാലിനുശേഷം മോദി സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
ഇനിയുള്ള 21 ദിവസവും മോദിക്കെതിരെ പ്രചാരണം നടത്തും. എന്റെ പ്രയത്‌നവും സമ്ബത്തും രാജ്യത്തിന് സമര്‍പ്പിച്ചതാണ്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. എ.എ.പിക്ക് പങ്കുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. നേരത്തെ, ഭാര്യ സുനിതക്കൊപ്പം കെജ്രിവാള്‍ ഡല്‍ഹി കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭവവന്ത് മാനും എം.പി സഞ്ജയ് സിങ്ങും ഡല്‍ഹി മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരവ് ഭരദ്വാജും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ കെജ്രിവാളിനെ അനുഗമിച്ചു. വൈകീട്ട് നാലിന് സൗത് ഡല്‍ഹിയിലെ മെഹ്‌റോളിയിലും ആറിന് ഈസ്റ്റ് ഡല്‍ഹിയിലെ കൃഷ്ണ നഗറിലും റോഡ് ഷോയില്‍ പങ്കെടുക്കും.
ജൂണ്‍ ഒന്നുവരെ 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിനുശേഷമാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. ഡല്‍ഹി സര്‍ക്കാറിന്റെ പഴയ മദ്യനയത്തില്‍ അഴിമതി ആരോപിച്ച് രണ്ടു വര്‍ഷം മുമ്ബ് രജിസ്റ്റര്‍ചെയ്ത കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതാണെന്നും ആരോപിച്ച് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി വിചാരണ കോടതിയും ഹൈകോടതിയും നേരത്തേ തള്ളിയിരുന്നു.