
തേനി(തമിഴ്‌നാട്): മേഘമല മേഖലയിലെ തേയിലത്തോട്ടങ്ങളില്‍ കാട്ടാനകള്‍ വിഹരിക്കുന്നു. ഇതോടെ തൊഴിലാളികള്‍ ഭീതിയിലായി. മണലാര്‍, വെണ്‍ നിയാര്‍, മേഘമല എന്നിവയുള്‍പ്പെടെ ഏഴ് മലയോര ഗ്രാമങ്ങളില്‍ ധാരാളം തേയിലത്തോട്ടങ്ങളുണ്ട്. വേനല്‍ രൂക്ഷമായതോടെ ഗ്രാമങ്ങള്‍ക്ക് ചുറ്റുമുള്ള വനമേഖല കരിഞ്ഞുണങ്ങി. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വെള്ളവും ഭക്ഷണവും തേടി ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്.
അതിനിടെ, തേയിലത്തോട്ടങ്ങളിലൂടെയുള്ള ദേശീയപാതയില്‍ പത്തിലധികം കാട്ടുപോത്തുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്. ശനിയാഴ്ച മേഘമല ഹൈവേസ് തേയിലത്തോട്ടത്തില്‍ കാട്ടാനക്കൂട്ടം വിഹരിച്ചു. ഇതുമൂലം തൊഴിലാളികള്‍ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. നിബിഡ വനമേഖലയിലേക്ക് അലഞ്ഞു തിരിയുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.