കോടനാട് നീലകണ്ഠന്‍ ചരിഞ്ഞതിന് കാരണം എരണ്ടക്കെട്ട് മാത്രമോ? അന്വേഷിക്കാന്‍ പ്രത്യേക സംഘം

0 second read
Comments Off on കോടനാട് നീലകണ്ഠന്‍ ചരിഞ്ഞതിന് കാരണം എരണ്ടക്കെട്ട് മാത്രമോ? അന്വേഷിക്കാന്‍ പ്രത്യേക സംഘം
0

കോന്നി: കോന്നി സുരേന്ദ്രന് ശേഷം ആനത്താവളത്തിലെ തലയെടുപ്പിന്റെ പ്രതീകമായിരുന്ന കോടനാട് നീലകണ്ഠന്‍ ആന ചരിഞ്ഞ സംഭവത്തില്‍ ദുരൂഹത. എരണ്ടക്കെട്ടാണ് നീലകണ്ഠന്റെ ജീവനെടുത്തതെന്ന് ആനത്താവളം അധികൃതര്‍ പറയുന്നുണ്ടെങ്കിലും ആന്തരിക അവയവങ്ങളിലെ ക്ഷതവും അണുബാധയും മരണ കാരണമായേക്കാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തും.

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തില്‍ കോട്ടൂര്‍, കോടനാട് ആനക്കളരികളിലെ ഡോക്ടര്‍മാരും ആനചികിത്സാ വിദഗ്ദ്ധരും ഉള്‍പ്പെട്ട സംഘമായിരിക്കുംവനം വകുപ്പിന് പുറമെ സമാന്തര അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കില്‍ തമിഴ്‌നാട് മുതുമല ആനവളര്‍ത്തല്‍ സങ്കേതത്തിലെ വിദഗ്ധരുടെ സഹായവും തേടും. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തിയാണ് ആനയുടെ ജഡം സംസ്‌കരിച്ചത്. ആന്തരിക അവയവങ്ങളുടെ ഉള്‍പ്പടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. നേരത്തെയും ദുരൂഹ സാഹചര്യങ്ങളില്‍ കോന്നി ആനത്താവളത്തില്‍ ആനകള്‍ ചരിഞ്ഞിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും.

നാല് വര്‍ഷത്തിനിടെ ചരിഞ്ഞത് നാല് ആനകള്‍

കോന്നി ആനത്താവത്തിലെ താപ്പാന മണിയന്‍, കുട്ടിയാനകളായ പിഞ്ചു, മണികണ്ഠന്‍ എന്നിവ മാസങ്ങളുടെ വ്യത്യാസത്തില്‍ 2020 21 കാലഘട്ടത്തില്‍ ചരിഞ്ഞിരുന്നു. കഴിഞ്ഞ മാസം 30 ന് ചരിഞ്ഞ കോടനാട് നീലകണ്ഠനാണ് അവസാനത്തേത്. 75 വയസുണ്ടായിരുന്ന മണിയന് എരണ്ടക്കെട്ടും നാലു  വയസുകാരന്‍ പിഞ്ചുവിന് ഹെര്‍പ്പിസ് രോഗവും ആറുമാസം പ്രായമുണ്ടായിരുന്ന മണികണ്ഠന് ഉദരസംബന്ധമായ അസുഖമായിരുന്നെന്നാണ് ആനത്താവളം അധികൃതരുടെ വിശദീകരണം. അന്നും ആനകളുടെ മരണത്തില്‍ ചികിത്സാ പിഴവും അശാസ്ത്രീയ പരിചരണവും സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കുട്ടിയാന കൊച്ചയ്യപ്പന്‍, കുട്ടിക്കൊമ്പന്‍ കൃഷ്ണ, പിടിയാനകളായ പ്രീയദര്‍ശിനി, ഈവ, മീനു എന്നിവരാണ് ആനത്താവളത്തില്‍ അവശേഷിക്കുന്നത്.

ആനത്താവളത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരില്ല

കേരളത്തിലെ പ്രധാന ആനവളര്‍ത്തല്‍ കേന്ദ്രമാണെങ്കിലും കോന്നി ആനത്താവളത്തില്‍ ആനകളെ ചികിത്സിക്കാന്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാന പ്രതിസന്ധി. സാധാരണ വെറ്റിനറി ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ എത്തിച്ച് ചികിത്സ നല്‍കുകയാണ് പതിവ്. ഇവര്‍ മുന്‍ പരിചയമുള്ള ഡോക്ടര്‍മാരുടെയും വിദഗ്ദ്ധ വൈദ്യന്‍മാരുടെയും ഉപദേശങ്ങള്‍ തേടാറുമില്ല. നേരത്തെ ആനകളുടെ ഇഷ്ടഭക്ഷണമായിരുന്ന പനംപട്ടയും തെങ്ങോലയും ഒക്കെ നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ഇവയൊന്നും നല്‍കാറില്ല. പകരം പശുവിനുള്ള പുല്ലും ചോറും കഞ്ഞിയുമൊക്കെയാണ് നല്‍കുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ആനകളുടെ ഇഷ്ട ഭക്ഷണങ്ങള്‍ വനം വകുപ്പ് ഒഴിവാക്കിയിരിക്കുന്നത്. ഇതും ആനകളെ ആരോഗ്യപരമായി തളര്‍ത്തുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…