ഏഴംകുളത്ത് വീട്ടുജോലിക്ക് പോയ സ്ത്രീയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസിലെ രണ്ടു പ്രതികള്‍ പിടിയില്‍

0 second read
Comments Off on ഏഴംകുളത്ത് വീട്ടുജോലിക്ക് പോയ സ്ത്രീയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസിലെ രണ്ടു പ്രതികള്‍ പിടിയില്‍
0

അടൂര്‍: ഏഴംകുളത്ത് ജോലിക്ക് പോയ വീട്ടമ്മയുടെ മാല ബൈക്കിലെത്തി മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട മനക്കര അര്‍ഷാദ് മന്‍സിലില്‍ നിഷാദി(37)നെ അടൂര്‍ പോലീസും തൃശൂര്‍ വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗി(24)നെ തൃശ്ശൂര്‍ സിറ്റി സാഗോക് ടീമും, മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബൈക്കില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളില്‍ ഇവര്‍ പ്രതികളാണ്.

മുപ്പതിലധികം മോഷണ കേസുകളില്‍ പ്രതിയായ അനുരാഗും വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നിഷാദും ജയിലില്‍ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്. ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ അനുരാഗ് കൊല്ലം ജില്ലയിലെത്തി നിഷാദുമായി ചേര്‍ന്ന് ബൈക്കില്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞ മാസം 13 ന് ഏഴംകുളം, പട്ടാഴിമുക്ക് ജങ്ഷന് സമീപം പട്ടാഴി വടക്കേക്കര, ചെളിക്കുഴി സ്വദേശിനിയുടെ കഴുത്തിലെ ഒന്നര പവന്റെ സ്വര്‍ണ്ണമാല ബൈക്കിലെത്തി മോഷ്ടിച്ച കേസില്‍ അന്വേഷണം നടക്കുമ്പോഴാണ് അറസ്റ്റുണ്ടായത്. നൂറു കണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇവര്‍ പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ 11 ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസില്‍ അനുരാഗിനെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ തൃശൂര്‍ പോലീസ് കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പോലീസ് സംഘത്തിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് നിഷാദിനെ അടൂരില്‍ പിടികൂടിയത്.

മോഷണം നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്നും മദ്യവും മയക്കുമരുന്നും ഉപയോഗിച്ചും ആര്‍ഭാട ജീവിതമാണ് പ്രതികള്‍ നയിക്കുന്നത്. അനുരാഗിനൊപ്പം തൃശൂരിലെ കേസിലുള്‍പ്പെട്ട കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ സാജു എന്നുവിളിക്കുന്ന സാജുദ്ദീനെ(31) യും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഷാദിനെ ചോദ്യം ചെയ്തതില്‍ നിന്നും അടൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന മാല പൊട്ടിക്കല്‍ കേസുകളില്‍ പങ്കെടുത്തത് നിഷാദും, അനുരാഗമാണെന്ന് വ്യക്തമായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ്, എസ്.ഐ എം. പ്രശാന്ത്, എസ്.സി.പി.ഓമാരായ സുനില്‍ കുമാര്‍, സൂരജ്, ശ്യാം കുമാര്‍, സി.പി.ഒ എം. നിസ്സാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…