കമ്പംമെട്ട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് അറവുമാടുകളുടെ വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് മാട്ടിറച്ചിയുടെ വില ഉയര്‍ത്താന്‍ വ്യാപാരി സംഘടനകളുടെ നീക്കം. കന്നുകാലിച്ചന്തകള്‍ പ്രവര്‍ത്തിക്കാത്തതും കേരളത്തിലേക്ക് കാലികളെ കൊണ്ടുപോകുന്നതിന് വന്‍ തുക ഗുണ്ടാപിരിവ് ഈടാക്കുന്നതുമാണ് മാടുകളുടെ വരവ് കുറയാന്‍ കാരണം. നിലവിലെ പ്രതിസന്ധി കേരളത്തില്‍ സുനാമി ഇറച്ചി വ്യാപകമാകാനും കാരണമാകും.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു മുമ്പ് കേരളത്തിലേക്ക് അറവുമാടുകളെ എത്തിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ കന്നുകാലിച്ചന്തകള്‍ പലതും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ഒറീസ, പഞ്ചാബ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഗുണ്ടാസംഘങ്ങള്‍ മാടുകളുമായി എത്തുന്ന ലോറികള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ വ്യാപാരികള്‍ക്ക് കനത്തസാമ്പത്തിക നഷ്ടമായി. ഗുണ്ടാസംഘങ്ങളെ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. ഉത്തരേന്ത്യയില്‍ ബീഫ് സംസ്‌കരിക്കുന്ന ഫാക്ടറികള്‍ തുറന്നതും മാടുകളുടെ ലഭ്യതയെ ബാധിച്ചു.
സംസ്ഥാനത്ത് മാട്ടിറച്ചി ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്. മാട്ടിറച്ചിക്ക് ഡിമാന്‍ഡ് കൂടിയതോടെ കമ്പംമെട്ട്, കുമളി എന്നിവിടങ്ങളിലൂടെ സുനാമി ഇറച്ചിയും (ചത്ത ഉരുക്കളുടെ ) മീന്‍ ലോറികളില്‍ എത്തുന്നുണ്ടെന്ന പരാതി വ്യാപകമാണ്. ആരോഗ്യവകുപ്പ് പരിശോധന ഇല്ലാത്തതിനാല്‍ ഹോട്ടലുകള്‍, ആശുപത്രി ക്യാന്റീന്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍ എന്നിവിടങ്ങളില്‍ ഇവ വ്യാപകമായി എത്തുന്നുണ്ട്.മാട്ടിറച്ചിക്ക് നിലവില്‍ 360 രൂപയാണ് വില. ഇത് 420 രൂപയായി ഉയര്‍ത്താനാണ് നീക്കം.