ഇടുക്കി: ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സജീവമായി. ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളാണ് കുടുതലും. ഓണ്‍ലൈന്‍ ഡേറ്റ എന്‍ട്രിയുടെ പേരില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാസത്തില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പരസ്യം നല്‍കിയാണ് ആളുകളെ ആകര്‍ഷിക്കുന്നത്.ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും രജിസ്‌ട്രേഷന്‍ ഫീസായി ഒരു തുകയും വാങ്ങും. തുടര്‍ന്ന് മാറ്റര്‍ അയച്ചു കൊടുക്കും.ഇതു ശരിയാക്കി അയച്ചു കഴിയുമ്പോള്‍ ഓരോ കാരണം പറഞ്ഞു നിരാകരിക്കും.
ജനങ്ങള്‍ ഷോപ്പിങ്ങിനും ബില്ലുകള്‍ അടയ്ക്കുന്നതിനുമായി ഓണ്‍ലൈന്‍ തെരഞ്ഞെടുത്തതോടെയാണ് തട്ടിപ്പും സജീവമായത്. ദിവസവും പുത്തന്‍ രീതിയിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. പണം നഷ്ടപ്പെടുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും പ്രതികളെ പിടികൂടാനാകാതെ കുഴയുകയാണ് പൊലീസ്.
നിയമവ്യവസ്ഥകളേയും വെല്ലുവിളിച്ച് ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ വ്യാജ അക്കൗണ്ടുവരെ സൃഷ്ടിച്ചാണ് പണം തട്ടുന്നത്.അടിയന്തരമായി പണം ആവശ്യമുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കകം മടക്കിനല്‍കാമെന്നുള്ള സന്ദേശമാണ് പലര്‍ക്കും വരുന്നത്. തങ്ങളുടെ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും വഴി അടുത്ത സുഹൃത്തിന്റെ അല്ലങ്കില്‍ ബന്ധുവിന്റെ സന്ദേശമെന്ന തരത്തിലാണ് എത്തുന്നത്.
ആവശ്യപ്പെടുന്ന തുക അത്ര വലുതല്ലാത്തതിനാല്‍ ഉടന്‍ തന്നെ പണം ഗൂഗിള്‍ പേ വഴിയോ മറ്റോ അയയ്ക്കും. പണം തിരികെ ചോദിച്ച് സുഹൃത്തിനെ വിളിക്കുമ്പോള്‍ മാത്രമാണ് തട്ടിപ്പിനിരയായെന്ന് അറിയാന്‍ കഴിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി കേസുകളാണുണ്ടായിരിക്കുന്നത്. ഓണ്‍ലൈനിലൂടെ ലോണുകള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും വര്‍ധിക്കുന്നുണ്ട്. ലളിതമായ വ്യവസ്ഥകള്‍ എന്ന പരസ്യം കണ്ട് പെട്ടന്ന് ലോണ്‍ തരപ്പെടുമെന്ന് വിശ്വസിച്ച് തട്ടിപ്പിനിരയാകുന്നത് നൂറുകണക്കിനുപേരാണ്.
ഓണ്‍ലൈന്‍ തട്ടിപ്പിന്റെ മറ്റൊരു രൂപമാണ് അക്കൗണ്ടില്‍ 2000 രൂപ അയച്ചിട്ടുണ്ടെന്ന സന്ദേശം. ഇതുവിശ്വസിച്ച് ലിങ്കില്‍ ക്ലിക്കുചെയ്തവര്‍ക്ക് തങ്ങളുടെ അക്കൗണ്ടിലുള്ള പണം നഷ്ടമായ കേസുകളുമുണ്ട്.ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഭൂരിഭാഗവും നടത്തുന്നത് ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന സെബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരക്കാരെ കണ്ടുപിടിക്കാന്‍ പലപ്പോഴും സാധിക്കാറില്ലന്നും പൊലീസ് പറയുന്നു.