ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടു വരും വഴി കാവേരിപട്ടണത്ത് നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി ബംഗളൂരുവില്‍ പിടിയില്‍

0 second read
Comments Off on ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടു വരും വഴി കാവേരിപട്ടണത്ത് നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി ബംഗളൂരുവില്‍ പിടിയില്‍
0

പത്തനംതിട്ട: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവരും വഴി തമിഴ്‌നാട്ടില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ നിന്നും  രക്ഷപ്പെട്ട ബലാല്‍സംഗക്കേസിലെ പ്രതിയെ  ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ സൈബര്‍ പോലീസ്  പിടികൂടി. പത്തനംതിട്ട സൈബര്‍ പോലീസ്  കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ റാന്നി  വടശ്ശേരിക്കര പേഴുമ്പാറ  ഉമ്മാമുക്ക്  നെടിയകാലായില്‍ വീട്ടില്‍  സച്ചിന്‍ രവി(27)യാണ് അറസ്റ്റിലായത്. തമിഴ്‌നാട് കാവേരിപട്ടണത്തില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതിയെ  ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശത്തേ തുടര്‍ന്ന് വ്യാപകമാക്കിയ അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്നാണ് പിടികൂടിയത്.

ഒളിവില്‍ കഴിയുന്നതറിഞ്ഞു  ബാംഗ്ലൂരിലെത്തിയ സൈബര്‍ പോലീസ് സംഘം അവിടുത്തെ പോലീസിന്റെ സഹായത്തോടെ ഇന്നലെ ഉച്ചക്ക്  കസ്റ്റഡിയിലെടുത്ത് പത്തനംതിട്ടയില്‍ ഇന്ന് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ അറസ്റ്റ് രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്  വിവാഹ
വാഗ്ദാനം ചെയ്ത് വശീകരിച്ച് സ്വന്തം വീട്ടിലെത്തിച്ച് സച്ചിന്‍ ലൈംഗീക പീഢനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണില്‍ ചിത്രമെടുത്തു സൂക്ഷിക്കുകയും പിന്നീട്  വിവാഹം കഴിക്കില്ല എന്ന്  ഫോണില്‍ വിളിച്ച് ഭീഷണപ്പെടുത്തി നഗ്‌ന ഫോട്ടോ പ്രതി ഫോണിലൂടെ ലഭ്യമാക്കുകയും ചെയ്തു.  വീണ്ടും ഫോട്ടോ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയപ്പോള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന്  പ്രതി കുട്ടിയുടെ പേരില്‍ വ്യാജ  സോഷ്യല്‍ മീഡിയ അക്കൌണ്ടുണ്ടാക്കി.

പിന്നീട് ഈ അക്കൌണ്ടില്‍ കുട്ടിയുടെ സുഹൃത്തുക്കളേയും സമീപവാസികളേയും  ബന്ധുക്കളേയും ഫ്രണ്ട് ലിസ്റ്റില്‍ ഇയാള്‍ ഉള്‍പ്പെടുത്തി. ഇവരുമായി പെണ്‍കുട്ടി ആണെന്ന് തെറ്റിദ്ധരിപ്പിച്ച്  ചാറ്റ് ചെയ്ത് കുട്ടിയുടെ നഗ്‌നഫോട്ടോകളും ദൃശ്യങ്ങളും അയച്ചുകൊടുക്കുകയും സ്റ്റാറ്റസ് ഇടുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് കഴിഞ്ഞ് വര്‍ഷം ഏപ്രിലില്‍   പ്രതി കുവൈറ്റിലേക്ക് കടന്നതായി അന്വേഷണത്തില്‍ വ്യക്തമായി.

തുടര്‍ന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍,  പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുവൈറ്റില്‍  ജോലി ചെയ്ത കമ്പനിയില്‍ ജോലി സ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന്  ഇന്ത്യന്‍ എംബസ്സി മുഖാന്തരം രാജ്യത്തേക്ക് തിരിച്ചയക്കപ്പെട്ട പ്രതിയെ, 17 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു വച്ചിരിക്കുന്നതായി വിവരം ലഭിച്ചു. പിറ്റേന്ന് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ജോര്‍ജും സംഘവും അവിടെയെത്തി  പ്രതിയെ  കസ്റ്റഡിയിലെടുത്തു. റോഡു മാര്‍ഗം സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നവഴി 19 ന്  പുലര്‍ച്ചെ  5 മണിക്ക് തമിഴ്‌നാട് കാവേരിപട്ടണത്തു വച്ച്  പോലീസ് കസ്റ്റഡിയില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിന് തമിഴ്‌നാട് കാവേരിപട്ടണം പോലീസ് സ്‌റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…